കെപിസിസിയില്‍ തീയും പുകയും, രക്ഷാദൗത്യവുമായി കെസി വേണുഗോപാല്‍

സുധാകരനെതിരെ കേരളത്തിലെ നേതാക്കള്‍ ഉയര്‍ത്തുന്ന പരാതികള്‍ ഗൗരവത്തില്‍ പരിഗണിച്ച് ഹൈക്കമാന്‍ഡ്. നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സംഘടനാകാര്യ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരിട്ട് ഇടപെടുന്നു. ഏറ്റവും ഒടുവിലായി ഏഴ് എം.പിമാര്‍ സുധാകരനും കെപിസിസി നേതൃത്വത്തിനുമെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ നേരിട്ട് രംഗത്ത് വന്നതാണ് അടിയന്തിര ഇടപെടല്‍ നടത്താന്‍ കെസി വേണുഗോപാലിനെ പ്രേരിപ്പിച്ചത്. കേരളത്തിലെ സംഘടനാവിഷയങ്ങളില്‍ കെസി വേണുഗോപാലിന്റെ ഇടപെടലും കാരണമാണെന്ന് മുറുമുറുപ്പുണ്ട്. ഈ സാഹചര്യത്തില്‍ കെസി വേണുഗോപാലിന്റെ ഇടപെടലിന് വലിയ പ്രധാന്യമുണ്ട്.

കെ മുരളീധരനും എംകെ രാഘവനും എതിരെ സുധാകരന്‍ അച്ചടക്ക നോട്ടീസ് അയച്ചാതാണ് കോണ്‍ഗ്രസില്‍ പുകഞ്ഞിരുന്ന തീ ഇപ്പോള്‍ ആളിക്കത്തിച്ചിരിക്കുന്നത്. ഈ വിഷയത്തിന് പുറമെ തീരുമാനങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല, സുധാകരന്‍ ഏകപക്ഷീയമായ പുന:സംഘടനയുമായി മുന്നോട്ടുപോകുന്നു, നേതൃത്വം നിഷ്‌ക്രിയമാണ് തുടങ്ങിയ ഗൗരവമുള്ള പരാതികളാണ് എംപിമാര്‍ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ കെസി വേണുഗോപാലിന്റെ താല്‍പ്പര്യവും പുന:സംഘടനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് ഒരുവിഭാഗം നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. അതിനാല്‍ തന്നെ പ്രശ്‌നപരിഹാരത്തിനായി കെസി വേണുഗോപാല്‍ നടത്തുന്ന ഇടപെടല്‍ നിര്‍ണ്ണായകമാണ്.

ഇതിനിടെ നേതൃത്വത്തിനെതിരെ തുടരുന്ന നിലപാടില്‍ മാറ്റമില്ലെന്നും വിമര്‍ശങ്ങളില്‍ ഉറച്ചിട്ടുനില്‍ക്കുന്നുവെന്ന നിലപാടുമായി കെ.മുരളീധരന്‍ എംപി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ സുധാകരന്‍ നേട്ടീസ് നല്‍കിയതിനെതിരെ കെ മുരളീധരന്‍ ശക്തമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും, നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ടിയില്‍ സ്ഥാനമുള്ളുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ഇപ്പോള്‍ പാര്‍ടിയിലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

മുരളീധരന് നോട്ടീസ് നല്‍കിയതിനെതിരെ രമേശ് ചെന്നിത്തലയും എംഎം ഹസനും രംഗത്ത് വന്നിരുന്നു. നോട്ടീസ് നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്നായിരുന്നു ഇരുനേതാക്കളുടെയും നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News