ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ അസാധാരണ കാഴ്ചകള്‍ക്കാണ് ഇന്ന് നിയമസഭ സാക്ഷിയായത്. സ്പീക്കറുടെ മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തിനിടയിലായിരുന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ രൂക്ഷമായ വിമര്‍ശനം.
പ്രതിപക്ഷ അംഗങ്ങളായ ഷാഫി പറമ്പില്‍, റോജി എം ജോണ്‍, സനീഷ് ജോസഫ് എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍. സഭയില്‍ സംസാരിക്കുന്നവര്‍ക്ക് സ്പീക്കറെ കാണാനാകാത്ത വിധത്തിലായിരുന്നു പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയിരുന്നത്.
‘എല്ലാവരും ചെറിയ മാര്‍ജ്ജിനിലാണ് ജയിച്ചത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. വെറുതെ ഇമേജ് മോശമാക്കണ്ട. പതിനാറാം സഭയില്‍ വരേണ്ടതാണ്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഷാഫി അടുത്ത തവണ തോല്‍ക്കും’. ഇതായിരുന്നു ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കറുടെ മറുപടി.
സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ ഫേസ് ബുക്കിലൂടെ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. താന്‍ തോല്‍ക്കുമോ എന്നത് പാലക്കാട്ടുകാര്‍ തീരുമാനിക്കും എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദ്ദിച്ചു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാനാണ് ബാനറുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു അടിയന്തിര പ്രമേയ അവതരണം. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
3840 വോട്ടിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്ന് ഷാഫി പറമ്പില്‍ വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here