മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനം നേരിട്ട സംഭവത്തെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.
I condemn the outrageous attack on students from Kerala at #IGNTU by security staff whose very duty is to protect the students.
I appeal to the Union Govt to intervene and stop the growing tendency of discrimination and attack against students in Higher Education Institutions.
— M.K.Stalin (@mkstalin) March 12, 2023
‘ഐജിഎന്‍ടിയുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സെക്യൂരിറ്റി സ്റ്റാഫുകള്‍ നടത്തിയ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അവരുടെ ജോലി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കലാണ്. ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനവും അതിക്രമവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം അത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണം’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം 10നാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വ്വകലാശാലയില്‍ നാല് മലയാളി വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ നഷീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവരെയാണ് പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
ഇതിന് മുമ്പും സര്‍വ്വകലാശാലയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ സൈനബ ലുബ്‌ന പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം ഭയാനകമാണെന്നും രാജ്യത്ത് ഐഡന്റിറ്റി വെച്ച് ഉപദ്രവിക്കുന്ന പ്രവണതയെ ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റിയിലെ അക്രമകാരികള്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് പരാതിപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പിയും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന് കത്തയച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here