കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, ഡ്രെയിനുകള്‍ പുനഃസ്ഥാപിക്കല്‍, ഒ.ബി.ടി കൊച്ചി കോര്‍പ്പറേഷനിലെ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കായല്‍ വരെയുള്ള ഡ്രെയിനേജ് കനാല്‍ നിമ്മാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോര്‍പ്പറേഷനില്‍ ബന്ധിപ്പിച്ച ഡ്രെയിനുകളുടെ നവീകരണം എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുക.

അതോടൊപ്പം 2019 ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ‘ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരത്തിലെ ഓടകള്‍ നവീകരിച്ചു. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 10 കോടി രൂപ വിനിയോഗിച്ചു. കായല്‍ മുഖങ്ങളിലെ തടസ്സങ്ങളും നഗരത്തിലെ പ്രധാന കനാലുകളിലെ തടസ്സങ്ങളും മാറ്റുന്നതിലാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്.

അതിനുപുറമെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ആധുനിക മെഷിനുകള്‍ വാങ്ങാനും തീരുമാനിച്ചു. ചെന്നൈ നഗരത്തില്‍ കാനകളിലെ തടസ്സം നീക്കുവാന്‍ ഉപയോഗിച്ചുവരുന്ന മാതൃകയിലുള്ള രണ്ട് മെഷിനുകളാണ് വാങ്ങുക. ഒരു മെഷിന്‍ സ്മാര്‍ട്ട് സിറ്റി പദ്ധയിലും രണ്ടാമത്തേത് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വാങ്ങുക.

കെഎംആര്‍എല്‍ വിഭാവനം ചെയ്ത കൊച്ചിയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കും. സിഎസ്എംഎല്‍, കെഎംആര്‍എല്‍, വാട്ടര്‍ അതോറിറ്റി മുതലായ ഏജന്‍സികളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയും രൂപീകരിക്കും.

യോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, എം ബി രാജേഷ്, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാമുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News