കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തൊ‍ഴിലുകളുടെ എണ്ണവും വികസനങ്ങളുടെ വിവരങ്ങളും നിരത്തി പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് ബാലഗോപാല്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരിന്നു.

ക‍ഴിഞ്ഞ എട്ട് വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ ക‍ഴിയാത്ത കാര്യങ്ങളും അദ്ദേഹം തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസിറ്റിന്‍റെ പൂര്‍ണരൂപം:

തൊഴിലും വികസനവും: കണക്കുകൾ സംസാരിക്കട്ടെ
——————————————————————
കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന് ബഹുമാന്യനായ പ്രധാനമന്ത്രി കൊച്ചിയിൽ പ്രസംഗിച്ചതായി വായിച്ചു. ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല.

എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല എന്നു മാത്രമല്ല കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം നടത്താതിരിക്കുകയുമാണ്. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. താഴ്ന്ന വിഭാഗം തസ്തികകളിൽ കരാർ നിയമങ്ങൾ മാത്രമാണ് നടക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പിന്മാറുകയാണ്.

വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഗവൺമെന്റിന്റെ പ്രകടനമാണിത്. മുകളിൽ സൂചിപ്പിച്ച കണക്കുകൾ ഞങ്ങൾ ഉണ്ടാക്കിയതല്ല, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ നൽകിയവയാണ്.

ഇനി കേരളത്തിലേക്ക് വരാം,
കഴിഞ്ഞ ഏഴ് വർഷം കൊണ്ട് എൽഡിഎഫ് ഗവൺമെന്റ് സംസ്ഥാനത്ത് പി എസ് സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്ക് സർക്കാർ ഉദ്യോഗം നൽകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ മാത്രം 40,000 ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി.
10 ലക്ഷം തസ്തികൾ കേന്ദ്ര ഗവൺമെന്റ് നിയമനം നടത്താതെ ഒഴിച്ചിടുമ്പോൾ പുതിയ തസ്തികൾ സൃഷ്ടിക്കുന്നതാണ് കേരളത്തിന്റെ സമീപനം.

സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സർക്കാർ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് മാത്രം ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അതിന് എല്ലാവിധ പിന്തുണയും സംസ്ഥാന സർക്കാർ നൽകിവരുന്നു. കേന്ദ്ര സർക്കാർ വില്പനയ്ക്ക് വെച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന ഗവൺമെന്റ് ലേലത്തിൽ പങ്കെടുത്ത് വിലയ്ക്ക് വാങ്ങി കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ വിജയകരമായി നടത്തിവരികയാണ്.

പൊതുമേഖല സ്ഥാപനങ്ങളെയും പൊതു ആസ്തികളെയും വില്പനയ്ക്ക് വെച്ച് ജനങ്ങളെ തൊഴിൽരഹിതരും തൊഴിൽ സുരക്ഷ ഇല്ലാത്തവരുമാക്കി മാറ്റുന്ന കേന്ദ്ര ഗവൺമെന്റിന്റെ സമീപനമല്ല കേരളത്തിന്റെത്.
രാജ്യത്ത് ഏറ്റവും ഉയർന്ന തുക അധ്വാനിക്കുന്ന മനുഷ്യർക്ക് കൂലിയായി ലഭിക്കുന്ന നാടാണിത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോ മൂന്നിരട്ടിയോ ആണ് സംസ്ഥാനത്തെ തൊഴിലാളിയുടെ വേതനം. അറുപതു ലക്ഷം പേർക്ക് പ്രതിമാസം 1600 രൂപ ക്ഷേമപെൻഷൻ കേരളം നൽകുന്നു. വർഷം 11000 കോടി രൂപയാണ് ഇതിന് വരുന്ന ചിലവ്.

ഇപ്രകാരം സന്തുലിതവും സുസ്ഥിരവുമായ വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും നിരവധിയായ മാതൃകകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ സംസ്ഥാനം. ജനകീയ ആസൂത്രണവും പ്രാദേശിക വികസന മാതൃകകളും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ ലോകോത്തര നിലവാരവുമെല്ലാം അങ്ങേക്കും അറിവുള്ളതാണല്ലോ. വിസ്താരഭയം കൊണ്ട് കേരള വികസന മാതൃകയെ കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല. വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് ബഹു. പ്രധാനമന്ത്രിയുടെ സർക്കാർ തന്നെ എത്ര ബഹുമതികളാണ് കേരളത്തിന് നൽകിയിട്ടുള്ളത്.

കേരളത്തിനെതിരെ തികച്ചും തെറ്റായ വിമർശനങ്ങൾ ഉന്നയിച്ച ബഹു. പ്രധാനമന്ത്രി വസ്തുതകൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News