‘സ്വാതന്ത്ര്യം’, രവീന്ദ്രനാഥ ടാഗോറിന്റെ കവിത

സ്വാതന്ത്ര്യം

രവീന്ദ്രനാഥ ടാഗോർ
/ എൻ. പി. ചന്ദ്രശേഖരൻ

ഹേ, മാതൃഭൂമീ! നിന-
ക്കായി ഞാനർത്ഥിപ്പത്
ഭീതിബാധയിൽ നിന്നു-
മുള്ള സ്വാതന്ത്ര്യംമാത്രം!

ഭാവി നിൻ നേരേ കാട്ടും
സ്വാഗതാംഗ്യത്തിൻ മുന്നിൽ
നിൻ കൺകൾ കെടുത്തുന്ന,
നിൻ തല കുനിയ്ക്കുന്ന,
നിൻ നടുവൊടിയ്ക്കുന്ന,
യുഗങ്ങൾതൻ ഭാരത്തിൽ
നിന്നുമുള്ള സ്വാതന്ത്ര്യം;

ALSO READ: 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഇന്ത്യ

സത്യത്തിൻ വീരോചിത-
സഞ്ചാരപഥത്തിനെ
ഘോഷിക്കും നക്ഷത്രത്തിൽ
വിശ്വാസമില്ലായ്കയാൽ,
നിശീഥമൗനങ്ങളിൽ
നീ സ്വയം നിബന്ധിച്ച
നിദ്രതൻ കൈയാമത്തിൽ
നിന്നുമുള്ള സ്വാതന്ത്ര്യം;

അന്ധവും അവ്യക്തവു-
മായ്ച്ചുറ്റും കാറ്റിൻ നേരേ,
മരണംപോലെ ദൃഢ-
മായ—തണുപ്പേറിയ—
കൈകളിൽ ചുക്കാനേറ്റ്,
യാനപാത്രവ്യൂഹത്തെ
ദുർബ്ബലം നയിക്കുന്ന
വിധിതൻ ക്രമക്കേടിൽ
നിന്നുമുള്ള സ്വാതന്ത്ര്യം;

ALSO READ: മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 239 പേര്‍ക്ക്

ജീവിതത്തിന്റെ ഹാസ്യ-
നാടകത്തട്ടേറുവാൻ,
വേദീനാഥനു വേണ്ടി,
ക്ഷമയോടെയും പൂർണ്ണ-
ദാസ്യഭാവത്തോടെയും
വേഷങ്ങൾ കഴിയുന്ന,
ചലനം മു‍ഴുവനും
മസ്തിഷ്കവിഹീനമാം
ചരടിൽത്തുടങ്ങുന്ന
—മാനസവിഹീനമാം
ശീലത്തിൽത്തുടരുന്ന—
പാവകളുടെ നാട്ടിൽ
ജീവിക്കും നാണക്കേടിൽ
നിന്നുമുള്ള സ്വാതന്ത്ര്യം!
————–

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News