കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

കേരളീയം 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍മാന്‍.  കെഎസ്‌ഐഡിസി എംഡിയാണ് കണ്‍വീനര്‍.

അതേസമയം കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യം പൂർണമായും നിറവേറ്റാൻ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ നാടിനെ നാം ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.

Also Read : ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

കേരളീയം നാട് പൂർണമായി നെഞ്ചേറ്റി. നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഈ ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ പലഭാഗത്തുമുള്ളവർ കേരളീയത്തിൽ പങ്കെടുക്കാനെത്തി. ദേശീയ, അന്താരാഷ്ട്രതലത്തിൽ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാൻ പോവുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിന്റെ എല്ലാ വേദികളിലും ദൃശ്യമായ പുതുതലമുറയുടെ പങ്കാളിത്തം മുഖ്യമന്ത്രി എടുത്തു പറഞ്ഞു. അവരുടെ കണ്ണുകളിൽ കാണാൻ കഴിയുന്ന പുതിയ പ്രതീക്ഷയാണ് കേരളീയം വരും വർഷങ്ങളിലും ആവർത്തിക്കാൻ സർക്കാരിന് കരുത്ത് പകരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളീയത്തിന്റെ ഭാഗമായി നടത്തിയ 25 സെമിനാറുകളിൽ നിന്ന് ഉയർന്ന അഭിപ്രായങ്ങൾ ഓരോ വിഷയത്തിലും ഭാവിയിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള നിർദ്ദേശം ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവയിൽ ഗൗരവ സ്വഭാവമുള്ളതും ഭാവിയ്ക്ക് ഉതകുന്നതുമായ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.

കഴിഞ്ഞ നാല് ദശകത്തിലെ കണക്കെടുത്താൽ 40 % ആയിരുന്നു കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ഇന്നത് വെറും 0.6 % മാത്രമാണ്. ഇത് മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത നേട്ടമാണ്. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തും. ഇതിനായി ഭക്ഷ്യ പാർക്ക്, വ്യവസായ പാർക്ക് എന്നിവിടങ്ങളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ശ്രമിക്കും. ഭൂമിയും ഭൂരേഖകളും എല്ലാവർക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. പട്ടയഭൂമിയിൽ ഭൂവിനിയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ ലളിതമാക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാലുടൻ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ രൂപീകരിച്ചു നടപടി സ്വീകരിക്കും.

ഭക്ഷ്യസുരക്ഷ രംഗത്ത് ഓരോ വ്യക്തിക്കും അളവിലും തൂക്കത്തിലും ഉള്ള പോഷകമൂല്യമുള്ള പോഷകാഹാരം നൽകുക എന്നതാണ് ലക്ഷ്യം. പാർപ്പിട മേഖലയിൽ 3,55,216 വീടുകൾ നിർമ്മിച്ചു. ഈ മേഖലയിൽ ഇനിയും വേഗത ആവശ്യമാണ്. ഇതിനായി കേന്ദ്ര സഹായത്തിൽ വർധന ഉണ്ടായ പറ്റൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയിൽ സഹകാരികളും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും അചഞ്ചലമായ വിശ്വാസമാണ്. എന്നാൽ ആ വിശ്വാസം തകർക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങൾ ഉണ്ടെന്നും അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ മേൽനോട്ട സംവിധാനം ശക്തിപ്പെടുത്താൻ നിയമഭേദഗതി നിയമസഭ അംഗീകരിച്ചതാണ്. സഹകരണമേഖലയിൽ ഓഡിറ്റ് കുറ്റമറ്റതും സുശക്തവുമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും.

വ്യവസായ മേഖലയിൽ കേരളത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കാനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിൽ നിക്ഷേപിക്കാൻ വരുന്ന സംരംഭകന്റെ ന്യായമായ ഒരു ആവശ്യത്തിനും ചുവപ്പുനാട പ്രതിസന്ധി ഉണ്ടാക്കില്ല. മെഡിക്കൽ ഉപകരണ നിർമ്മാണ വ്യവസായത്തിന്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. IT മേഖലയിൽ നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവ പ്രോത്സാഹിപ്പിക്കും. IT മേഖലയിൽ ഉയർന്ന തസ്തികയിൽ വനിത പ്രതിനിധ്യം കൂട്ടും. പശ്ചാത്തല സൗകര്യ വികസന മേഖലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും മറ്റു ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

റോഡ്, റെയിൽ, ജലഗതാഗത മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്നുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ശ്രമം നടത്തും. വിനോദസഞ്ചാര മേഖലയിൽ 2026 ൽ 15 ലക്ഷം വിദേശ വിനോദസഞ്ചരികളെ കൊണ്ടുവരികയാണ് ലക്ഷ്യം. പഠനത്തിനൊപ്പം തൊഴിലും പദ്ധതി വിപുലപ്പെടുത്തും.
പൊതുവിദ്യാഭ്യാസ രംഗത്ത് പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസ മേഖല പ്രാപ്തമാക്കും. ജനാധിപത്യ മതനിരപേക്ഷ ശാസ്ത്ര മൂല്യങ്ങൾ ഉറപ്പാക്കി ആധുനിക സാങ്കേതിക വിദ്യ ഉൾചേർത്തുകൊണ്ടുള്ള സ്‌കൂൾ കരിക്കുലം പരിഷ്‌കരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ നടപടികൾ സ്വീകരിക്കും. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭ്യമാക്കുന്ന പ്രവർത്തിയുടെ വേഗത കൂട്ടും. മുതിർന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കും. ഇതിനായി പ്രത്യേക പരിശോധന നടത്തും. എല്ലാ സമിതികളിലും വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഹരിത കർമ്മ സേന യുടെ പ്രവർത്തനം സംസ്ഥാനത്തെമ്പാടും കാര്യക്ഷമമായി നടത്തും. 64,006 അതിദാരിദ്ര്യ കുടുംബങ്ങളിൽ ഇനി അതിദാരിദ്ര്യ പട്ടികയിൽ നിന്നും മോചിപ്പിക്കേണ്ടത് 33,348 കുടുംബങ്ങളെ മാത്രമാണ്. ഒരു മേഖലയിൽ സർക്കാർ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ ആ മേഖലയിൽ പണം പിന്നെ തരില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പണം ഇല്ലാതെ നേട്ടങ്ങൾ നിലനിർത്താൻ കഴിയില്ല.

കേരളീയം പരിപാടി നടന്ന ഒരാഴ്ചയിൽ എല്ലാ ദിവസവും നഗരം വൃത്തിയാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മസേനയെയും കോർപ്പറേഷൻ ജീവനക്കാരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News