ആര്‍ത്തവ കപ്പുകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ നൗറീന്‍ ആയിഷയ്ക്ക് മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം

മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം നൗറീന്‍ ആയിഷയ്ക്ക് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത് മമ്മൂട്ടി സമ്മാനിച്ചു.

ഉപയോഗിച്ച സാനിറ്ററി പാഡുകള്‍, പ്ലാസ്റ്റിക്കും ജെല്ലുമായി വേര്‍തിരിച്ചാണ്, സംസ്‌കരിക്കുക. കൊവിഡ് കാലത്ത്, മാലിന്യനീക്കം മുടങ്ങുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തപ്പോള്‍, കുറേ കുടുംബശ്രീ തൊഴിലാളികള്‍ ഒരു കുന്നു പാഡുകള്‍ വെറുംകൈകൊണ്ടു വേര്‍തിരിക്കുന്നതു കാണേണ്ടിവന്ന ഒരു യുവതി ഒരു പ്രതിജ്ഞയെടുത്തു – ഇതിന് ഒരവസാനം വേണം.

ആ അവസാനം ‘ആര്‍ത്തവക്കപ്പുകള്‍’ മാത്രമാണെന്ന് നൗറീന്‍ ആയിഷ തീരുമാനിച്ചു; മറുനാട്ടില്‍ പഠിച്ചു വളര്‍ന്നതിന്റെ മെച്ചം. അത് 2020 ആയിരുന്നു. ആര്‍ത്തവക്കപ്പുകള്‍ കേരളത്തില്‍ അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. അങ്ങനെ ‘ഫെമി സെയ്ഫ്’ പിറന്നു – ആര്‍ത്തവക്കപ്പിന്റെ ആദ്യ കേരള ബ്രാന്‍ഡ്!

ആദ്യം 75 കപ്പുകള്‍ ഉണ്ടാക്കി. വിറ്റുപോയത് നാലെണ്ണംമാത്രം, ആ നവസംരംഭം നിന്നുകിതച്ചു. പ്രോത്സാഹിക്കാന്‍ ആരുമില്ല. കടം തരാന്‍ ബാങ്കുകളും സൊസൈറ്റികളുമില്ല. നൗറീന്‍, പക്ഷേ, പിന്‍വാങ്ങിയില്ല. ബോധവത്കരണം തുടങ്ങി. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെ. കോവിഡ് ഒഴിഞ്ഞതോടെ കോളേജുകളിലേയ്ക്കും പൊതുവിടങ്ങളിലേയ്ക്കും പോയി. കേരളീയസ്ത്രീത്വം ആര്‍ത്തവക്കപ്പുകളെ അറിഞ്ഞു – ആര്‍ത്തവക്കപ്പുകളുടെയല്ല, ആരോഗ്യ-ശുചിത്വമേഖലയിലെ ആധുനികതയുടെതന്നെ വില്‍പ്പനക്കാരിയായി നൗറീന്‍ മാറി.

നൗറീന്‍ എഞ്ചിനിയറാണ്. ജീവിതപങ്കാളി നസീഫ് നാസറും എഞ്ചിനിയര്‍തന്നെ. കൊവിഡ് കാലത്താണ് ഇവര്‍ കൈ കോര്‍ത്തത്. മധുവിധുയാത്രകള്‍ക്കു പകരം ഇവര്‍ സംയുക്തവ്യാപാരമാണ് തീരുമാനിച്ചത്. ഇന്ന് ഇരുവരും വ്യാപാരപങ്കാളികളും കൂടിയാണ്.

നാലേ നാല് ആര്‍ത്തവക്കപ്പുകള്‍ വിറ്റ് അന്തിച്ചുനിന്നത് പഴങ്കഥ. ഇന്ന് ‘ ഫെമി സെയ്ഫ് ‘ ഒന്നേ കാല്‍ ലക്ഷം പേരുടെ ഇഷ്ടം. പത്തു ‘ ഫെമി സെയ്ഫ് ‘ ആരോഗ്യ-ശുചിത്വ ഉല്പന്നങ്ങള്‍ വിപണിയില്‍. എല്ലാം സ്ത്രീകള്‍ക്കുള്ളത്. അവ കേരളീയ സ്ത്രീത്വത്തിനു വാഗ്ദാനം ചെയ്യുന്നത് ശാസ്ത്രീയജീവിതം. വിറ്റുവരവ് ഒരു കോടി 20 ലക്ഷം.

നൗറീന്‍ നയിക്കുന്നത് കേവലമൊരു വ്യാപാരമല്ല, ഒരു ആധുനീകരണയത്‌നമാണ്. കേരളം അറിയട്ടെ – ആര്‍ത്തവ പാഡുകള്‍ വെറുംകൈകൊണ്ട് വേര്‍തിരിക്കുന്ന തൊഴിലാളിസ്ത്രീകളെ കണ്ടപ്പോള്‍, ‘ഇതു പ്രാകൃതമാണ്’ എന്നുറപ്പിച്ച നൗറീന്റെ മനുഷ്യത്വമുള്ള കണ്ണുകളെ. കേരളം അഭിവാദനം ചെയ്യട്ടെ – മറുനാടന്‍ ജീവിതത്തില്‍നിന്നു പഠിച്ച പാഠങ്ങള്‍, പിറന്ന നാടിനു പകരാന്‍ യത്‌നിക്കുന്ന നൗറീന്റെ ആധുനികതാബോധത്തെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News