കേരളത്തിലെ സൈബര്‍ പവര്‍ ഗേള്‍; യുവ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം ലക്ഷ്മി ദാസിന്

മികച്ച യുവ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം ലക്ഷ്മീ ദാസിന് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത് മമ്മൂട്ടി സമ്മാനിച്ചു.

കേരളത്തിലെ ഒരു സംരംഭം ലോകോത്തരപദവി നേടുമോ? നമ്മുടെയൊക്കെ ഉള്ളിലെ സംശയാലു പറയും, ‘എവിടന്ന്?’.
എന്നാല്‍, അങ്ങനെ ഒരു സംരംഭമുണ്ട്. അതാണ്, ‘ പ്രൊഫെയ്‌സ് ‘.
ഇത്, ഒരു സൈബര്‍ സെക്യൂരിറ്റി സംരംഭം. സൈബര്‍ ആക്രമണങ്ങളില്‍നിന്നു സുരക്ഷ നല്കുന്ന സോഫ്റ്റ് വെയറുകളുടെ നിര്‍മ്മാതാക്കള്‍.
വിശ്വസിക്കുക, ‘ പ്രൊഫെയ്‌സ് ‘ ഒരു ലോകോത്തരസംരംഭമാണ്. ഈ മേഖലയിലെ സംരംഭങ്ങള്‍ക്കായി ‘ കുപ്പിംഗര്‍ കോള്‍ അനലിസ്റ്റ്‌സ് ‘ ഏര്‍പ്പെടുത്തിയ ഒരു റിപ്പോര്‍ട്ടുണ്ട്. അതില്‍ ‘ വേള്‍ഡ് ടോപ്പ് ഫൈവി’ല്‍ ഈ കേരളീയസംരംഭം ഇടംപിടിച്ചിരിക്കുന്നു. കൂടെയുള്ള മറ്റു നാലു സ്ഥാപനങ്ങളും അമേരിക്കന്‍ – ഇസ്രയേല്‍ സംരംഭങ്ങള്‍. ‘ പ്രൊഫെയ്‌സ് ‘ ഈ പദവി നേടുന്ന ഏഷ്യയിലെ ആദ്യസംരംഭം!

ഈ മഹാനേട്ടത്തിന്റെ പതാകാവാഹക ലക്ഷ്മീ ദാസ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍. ജീവിതപങ്കാളിയും ഇലക്ട്രോണിക്‌സ് എന്‍ജിനിയറുമായ വൈശാഖിനൊപ്പം ലക്ഷ്മി 2019-ല്‍ തുടങ്ങിയതാണ് ‘ പ്രൊഫെയ്‌സ് ‘.

2023-ല്‍ ‘ അനോണിമസ് സുഡാന്‍ ‘ എന്ന കൂട്ടര്‍ ലോകമാകെ ഒരു സൈബര്‍ ആക്രമണം നടത്തി. ഇന്ത്യയില്‍ ആറു സ്ഥാപനങ്ങള്‍ അവര്‍ ആക്രമിച്ചു. മൂന്നെണ്ണം കീഴടങ്ങി. മൂന്നെണ്ണം അതിജീവിച്ചു. രാജ്യാന്തര സൈബര്‍ ആക്രമണത്തെ പരാജയപ്പെടുത്തിയ ഇന്ത്യയിലെ ആ മൂന്നു സ്ഥാപനങ്ങളും വന്‍ വിമാനത്താവളങ്ങള്‍. അവയെ രക്ഷിച്ച സംവിധാനത്തിന്റെ പേരാണ് ‘ പ്രൊഫെയ്‌സ് ‘. വിമാനത്താവളങ്ങള്‍മുതല്‍ പ്രതിരോധസ്ഥാപനങ്ങള്‍വരെ ആശ്രയിക്കുന്ന സംവിധാനം. രാജ്യത്തും പുറത്തും നൂറില്‍പ്പരം സ്ഥാപനങ്ങളുടെ സൈബര്‍ കാവല്‍ക്കാര്‍.
ഇന്നും സൈബര്‍ സംരക്ഷണത്തിന് നമ്മളൊക്കെ ആശ്രയിക്കുന്നത് മറുനാടന്‍ സോഫ്റ്റ് വെയറുകളെ. അതിനുള്ള ബദലാണ് ലക്ഷ്മി തീര്‍ത്തത്. ഇന്ത്യയെ നാളെ ‘ സൈബര്‍ പവര്‍ ‘ ആക്കാന്‍ പോന്ന കേരളബദല്‍.

”കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍” എന്നത് കവിയുടെ കിനാവുമാത്രമല്ല; ”ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും” എന്നത് വീണ്‍വാക്കുമല്ല, അതാണ് ലക്ഷ്മി തെളിയിച്ചത്.
ഞങ്ങള്‍ വെള്ളിവെളിച്ചത്തിലേയ്ക്കാനയിക്കുന്നു – സൈബര്‍ ലോകത്തുമാത്രം അറിയപ്പെടുന്ന ഈ വിജയഗാഥയെ.

ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സുരക്ഷാ ഡാറ്റകള്‍ക്ക് മറുനാടന്‍ സ്ഥാപനങ്ങളുടെ കാവല്‍ ഒഴിവാക്കാന്‍ വഴിവെച്ച ഈ അന്വേഷകയുടെ യഥാര്‍ത്ഥ രാജ്യസ്‌നേഹത്തെ  ഇതാ കൈരളി ആദരിക്കുന്നു. കേരളത്തില്‍ ജനിച്ച്, കേരളത്തില്‍ പഠിച്ച്, കേരളത്തില്‍ സൈബര്‍ സ്ഥാപനമുണ്ടാക്കി, ലോകത്തിന്റെ നെറുകയിലെത്തി രശ്മികിരീടം ചൂടിയ പുതിയ മലയാളിസ്ത്രീത്വത്തിന്റെ ഈ ദിഗ്വിജയത്തെ ഞങ്ങള്‍ ആദരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News