2024 മലയാള സിനിമയ്ക്ക് നല്ലകാലമായിരുന്നു. ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചൊരു കാലമായിരുന്നു ഈ വർഷം. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമകൾ മറ്റ് സംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റുകളായി മാറി. 2024ൽ മലയാള സിനിമ സൂപ്പർ സ്റ്റാറുകളുടെ ചുറ്റും ഭ്രമണം ചെയ്യാതെ ന്യൂ ജെൻ സിനിമകൾക്കും പരീക്ഷണ സിനിമകൾക്കും കൂടുതൽ പ്രാധാന്യം നൽകി. ഇത്തരം സിനിമകളെ ഇരു കൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത കാഴ്ച ഈ വർഷം നമ്മൾ കണ്ടു. ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ പുതിയൊരു ഐഡന്റിറ്റി പ്രമേയത്തിലെ വ്യത്യസ്തതകളിലൂടെ നേടിയെടുത്തു. ലോക പ്രേക്ഷകരുടെ ശ്രദ്ധവരെ മലയാള സിനിമകൾക്ക് പിടിച്ചുപറ്റാൻ കഴിഞ്ഞു. മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തിയ വർഷം കൂടെയായിരുന്നു 2024. ഈ വർഷത്തെ മികച്ച സിനിമകൾ നോക്കാം:
കിഷ്കിന്ധാ കാണ്ഡം
പ്രമേയം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച സൈക്കോളജിക്കൽ ത്രില്ലറാണ് കിഷ്കന്ധാകാണ്ഡം. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത മികച്ച ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. സെപ്റ്റംബർ 12നാണ് ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററുകളിലെത്തിയത്. വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്.
Also read: പത്രകുറിപ്പുകളുടെ നടുവിൽ ആസിഫ് അലിയും, അനശ്വരയും; ‘രേഖാചിത്രം’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു
ആടുജീവിതം
മലയാള സിനിമയെ ലോകത്തിന്റെ ഒരു ബയോ പിക് ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നജീബായി പൃഥ്വിരാജും ഹക്കീമായി ഗോകുലും ജീവൻ തുടിക്കുന്ന അഭിനയമായിരുന്നു കാഴ്ച്ചവെച്ചത്. ജനപ്രിയമായ ഒരു നോവൽ സിനിമയായപ്പോൾ, മൂലകൃതിയുടെ സത്ത യാതൊരുവിധത്തിലും ചോർന്നുപോകാതെ സിനിമയാക്കാൻ ബ്ലെസ്സിക്ക് സാധിച്ചു. 2024 മാർച്ച് 28 നാണ് സിനിമ റിലീസ് ചെയ്തത്.
മഞ്ഞുമ്മൽ ബോയ്സ്
മലയാളത്തിലെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം തമിഴ്‌നാട്ടിലും വൻ ഹിറ്റായിരുന്നു. യഥാർത്ഥ സംഭവത്തെ സിനിമയാക്കിയ, ഒരു യഥാർത്ഥ സർവൈവൽ ത്രില്ലർ. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരുസംഘം സുഹൃത്തുക്കളുടെ കൊടൈക്കനാൽ യാത്രയും, ഗുണ കേവിൽ അകപ്പെടുന്നതും അതിൽ നിന്ന് രക്ഷപ്പെടുന്നതും ഒക്കെ മികച്ച രീതിയിൽ സ്ക്രീനിലേക്ക് എത്തിക്കാൻ സംവിധായകൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊന്ന് അതിന്റെ കലാസംവിധാനമാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. 2024 ഫെബ്രവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്.
പ്രേമലു
റോമാറ്റിക് കോമഡി ന്യൂ ജെൻ ചിത്രമായിരുന്നു പ്രേമലു. തിയേറ്ററുകളിൽ കൈയ്യടി വാരിക്കൂട്ടിയ വമ്പൻ ഹിറ്റ് ചിത്രം. കോളേജ് പഠനം കഴിഞ്ഞ് ആദ്യ ജോലി ചെയ്യുന്നവരും കരിയറിനെക്കുറിച്ചും ജീവിതത്തിൻറെ പ്ലാനിംഗിനെക്കുറിച്ചുമൊക്കെ ചിന്തിക്കുന്ന സാധാരണക്കാരായ ന്യൂ ജെൻ പിള്ളേരുടെ ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും കോമഡി വർക്ഔട്ട് ആക്കി സംവിധായകൻ ഗിരീഷ് എ ഡി മികവ് തെളിയിച്ചിട്ടുണ്ട്. നസ്ലീൻ, മമത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ് എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച തകർപ്പൻ കോമഡി ചിത്രം. 2024 ഫെബ്രുവരി 9 നാണ് സിനിമ റിലീസ് ചെയ്തത്.
ആവേശം
ഫഹദ് ഫാസിലിന്റെ രംഗണ്ണൻ മലയാള സിനിമയ്ക്ക് ഏറെ ആവേശം പകർന്നു. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യുവാക്കളുടെ വൈബിൽ അവരുടെ എനർജി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ജിത്തു മാധവന് സാധിച്ചു. 2024 ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ഭ്രമയുഗം
രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച ഭ്രമയുഗം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തിൽ കണ്ടത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, മണികണ്ഠൻ , സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. 2024 ഫെബ്രുവരി 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
എ ആർ എം
ഒറ്റ വക്കിൽ പറഞ്ഞാൽ വരേണ്യ വർഗത്തിന്റെ കുടില തന്ത്രത്തിൽ അകപ്പെട്ടുപോയ മനുഷ്യരുടെ കഥയാണ് ‘അജയന്റെ രണ്ടാം മോഷണം’എന്ന സിനിമ. ടോവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കണ്ടത്. മൂന്ന് കാലഘട്ടങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസിനെ കൂടാതെ കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്,സുരഭി ലക്ഷ്മി,ബേസിൽ ജോസഫ്,ഹരീഷ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 2024 സെപ്റ്റംബർ 12 നാണ് സിനിമ റിലീസ് ചെയ്തത്.
ഉള്ളൊഴുക്ക്
വൈകാരിക ബന്ധങ്ങളുടെ ഇഴകീറിയ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഉള്ളൊഴുക്ക്. പ്രധാന കഥാപാത്രങ്ങളായെത്തിയ ഉർവശിയും പാർവതി തിരുവോത്തും ചിത്രത്തിൽ തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 2024 ജൂൺ 21 നാണ് സിനിമ റിലീസ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here