വേനൽമഴയിൽ കോട്ടയം ജില്ലയിൽ ഉണ്ടായത് 24 കോടി രൂപയുടെ കൃഷിനാശം. നെല്ലിനും വാഴയ്ക്കും കപ്പക്കുമാണ് ഏറെയും നാശം സംഭവിച്ചത്. മുൻവർഷങ്ങളെക്കാൾ കൂടുതൽ വേനൽ മഴ ലഭിച്ചതാണ് വ്യാപക കൃഷി നാശത്തിന് കാരണം. 1375.09 ഹെക്ടറിൽ ഉണ്ടായിരുന്ന 5702 കൃഷിയാണ് ജില്ലയിൽ നശിച്ചത്. ഏകദേശം 24 കോടി 55,67 രൂപയുടെ നാശ നഷ്ടം.
മെയ് ഒന്നു മുതൽ ജൂൺ 9 വരെയുള്ള കണക്കാണിത്. 789.86 ഹെക്ടറിലെ നെൽകൃഷിയും, 411.1 ഹെക്ടറിലെ വാഴയും നശിച്ചു. ഇവയ്ക്ക് പുറമേ കപ്പ, പൈനാപ്പിൾ പച്ചക്കറി, ഇഞ്ചി എന്നീ വിളകൾക്കും വ്യാപക നാശമാണ് സംഭവിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ വേനൽ മഴ ലഭിച്ചതാണ് കൃഷിനാശത്തിന് കാരണം. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിയാണ് കപ്പ കൃഷിക്ക് നാശം സംഭവിച്ചത്.
ഓണം വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകരാണ് വേനൽ മഴ മൂലം ദുരിതത്തിലായത്. വായ്പയെടുത്തും, പാട്ടത്തിനും കൃഷിയിറക്കിയ കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നാശനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here