![](https://www.kairalinewsonline.com/wp-content/uploads/2024/07/ajith-pawar.jpg)
അജിത് പവാറിനെ കൈവിട്ട് 25 നേതാക്കൾ ശരദ് പവാർ പക്ഷത്തേക്ക്. ജില്ലാ അധ്യക്ഷൻ അടക്കം 20 മുൻ കോർപറേറ്റർമാരും 4 പ്രാദേശിക നേതാക്കളുമാണ് കഴിഞ്ഞ ദിവസം രാജി വച്ച് ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ പടിയിറങ്ങുന്നത് അജിത് പവാറിനെയും മഹായുതി സഖ്യത്തിനെയും സാരമായി ബാധിക്കും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കൈയ്യൊഴിഞ്ഞു 25 നേതാക്കൾ ശരദ് പവാറിനോടൊപ്പം ചേർന്നു. അജിത്പവാര്‍ എൻസിപി പൂനെയിലെ പിംപിരി – ചിഞ്ച് വാഡ് ജില്ലാ അധ്യക്ഷൻ അജിത് ഗാവനെ അടക്കം 20 മുൻ കോർപറേറ്റർമാരും 4 പ്രാദേശിക നേതാക്കളുമാണ് കഴിഞ്ഞ ദിവസം രാജി വച്ച് ശരദ് പവാർ പക്ഷത്തേക്ക് വന്നത്. അജിത് പക്ഷത്ത് നിന്നെത്തിയ നേതാക്കളെ ശരദ് പവാർ മാതൃ സംഘടനയിലേക്ക് സ്വീകരിച്ചു.
പൂനെ നഗരത്തെ വികസനത്തിലേക്ക് നയിക്കാൻ ശരദ് പവാറിന് മാത്രമേ സാധിക്കൂവെന്ന് അജിത് ഗവാനെ പ്രതികരിച്ചിരുന്നു. എന്നാൽ വികസനത്തിന്റെ പേരിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നാണ് തന്റെ രാജിയുടെ കാരണമായി ഗവാനെ ചൂണ്ടിക്കാട്ടിയത് . ലോക്സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാര്‍ വിഭാഗം ഒറ്റ സീറ്റിലൊതുങ്ങിയതോടെയാണ് ശരദ് പവാറിനൊപ്പം ചേരാന്‍ എംഎൽഎമാർ അടക്കമുള്ള നിരവധി നേതാക്കൾ ശരദ് പവാർ ക്യാമ്പുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബാൽ കഴിഞ്ഞ ദിവസം ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു .
Also Read; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്ത് സിബിഐ
അതേസമയം തന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നേതാക്കളെ ആവശ്യമില്ലെന്നും, പാര്‍ട്ടിയുടെ പ്രതിച്ഛായയെ മുറിവേല്‍പ്പിക്കാത്തവരെ ഉള്‍ക്കൊള്ളുമെന്നും ശരദ് പവാര്‍ പ്രതികരിച്ചു. അജിത് പവാറിന്റെ വിമത നീക്കമാണ് 2023-ല്‍ എന്‍സിപിയെ പിളർപ്പിലേക്ക് നയിച്ചത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ പടിയിറങ്ങുന്നത് അജിത് പവാറിനും മഹായുതി സഖ്യത്തിനും തലവേദനയാകും.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here