മരണത്തിൽ പോലും വിവേചനം നേരിട്ട അഭിനേത്രി, പുനർ വായിക്കപ്പെടേണ്ട ജീവിതം; സിൽക്ക് സ്മിത മരിച്ചിട്ട് 28 വർഷം

Silk Smitha

-അലിഡ മരിയ ജിൽസൺ 

ഒരൽപ്പം മോഡേൺ ആയി വസ്ത്രം ധരിച്ചാൽ, ഒരു സ്ലീവ്‌ലെസ് ടോപ്പിട്ട് ഫോട്ടോ പോസ്റ്റ് ചെയ്‌താൽ സമൂഹത്തിൽ വിലയിരുത്തപ്പെടുന്ന കാലത്തിൽ നിന്നും ഒരുപാട് വിദൂരമല്ല നമ്മൾ ഇപ്പോളും. കാലമിത്ര പുരോഗമിച്ചിട്ടും, എത്രയൊക്കെ സ്ത്രീ ശാക്തീകരണം കൈവരിച്ചുവെന്ന് പറഞ്ഞാലും ഇപ്പോളും ചില കാര്യങ്ങളിൽ മാറ്റം വന്നിട്ടില്ല, പുരുഷ മേൽക്കോയ്മയുടെ കണ്ണുകളിൽ തന്നെയാണ് ഇപ്പോഴും ഓരോ സ്ത്രീയും, കൊച്ചു കുട്ടികളടക്കം വീക്ഷിക്കപ്പെടുന്നത്. ഇത്രയും പോലും പുരോഗമനമെത്തി നോക്കാത്ത ഒരു കാലത്താണ് സിൽക്ക് സ്മിതയെപ്പോലെ ഒരാൾ ഇത്രയധികം പ്രോഗ്രസ്സിവ് ആയി ഈ സമൂഹത്തിൽ എക്സിസ്റ്റ് ചെയ്തത്. സിനിമയെ അത്രയധികം സ്നേഹിച്ചിരുന്ന ഒരു സ്ത്രീയെ സിനിമാ ലോകം ചൂഷണം ചെയ്തതിന് ഇപ്പോഴും കണക്കുകളില്ല എന്നതാണ് സത്യം. ഇന്നും പുനർ വായിക്കപ്പെടുന്ന, അല്ലെങ്കിൽ വായിക്കപ്പെടേണ്ട ഒരു ജീവിതം… സിൽക്ക് സ്മിത മരിച്ചിട്ട് ഇന്ന് 28 വർഷം.

ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമകളിലെ ഗ്ലാമർതാരമായിരുന്നു സിൽക്ക് സ്മിത. വശ്യമായ കണ്ണുകളും, ആരെയും ആകർഷിക്കുന്ന ശരീര വടിവുകളും അവർക്കുമുന്നിൽ തുറന്നു നൽകിയത് സിനിമയിലെ തന്നെ മറ്റൊരു ലോകം ആയിരുന്നു. ഒരു സമയത്ത് സിൽക്ക് സ്മിതയുടെ ഡാൻസില്ലാത്ത ഒരു സിനിമ പോലും തിയേറ്ററുകളിൽ എത്തുന്നില്ല എന്ന ട്രെൻഡ് പോലുമുണ്ടായിരുന്നു. മലയാള സിനിമയുടെ സെക്സ് ബോംബ് ഷെൽ എന്നറിയപ്പെട്ടിരുന്ന സിൽക്ക് സ്മിത, പിൽക്കാലത്ത് ഒരു പ്രത്യേക സ്ഥാനം തന്നെ സിനിമ ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു. എന്നാൽ മറ്റൊരു രീതിയിൽ ചിന്തിച്ചാൽ യുവാക്കളെ തിയേറ്ററിലേക്കെത്തിക്കാൻ സിനിമ ഉപയോഗിച്ച ഒരു പ്രോപ്പർട്ടി ആയിരുന്നു സിൽക്ക് സ്മിതയെന്ന് പോലും തോന്നുന്നതിൽ തെറ്റില്ല.

Also Read; കുട്ടികളുടെ കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം വേണ്ട; ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരാൻ പാർലമെന്റിന് നിർദേശം നൽകി സുപ്രീം കോടതി

സത്യത്തിൽ ആരായിരുന്നു സിൽക്ക് സ്മിത? എന്താണ് അവർക്ക് സംഭവിച്ചത്?… ആന്ധ്രാ പ്രദേശിലെ എളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച പെൺകുട്ടി. വിജയലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. തന്റെ ജീവിത സാഹചര്യങ്ങൾകൊണ്ട് നാലാം ക്ലാസിൽ പഠനമുപേക്ഷിച്ചു. കൗമാരത്തിൽ തന്നെ വിവാഹവും കഴിഞ്ഞു, എങ്കിലും അവരുടെ ജീവിതം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തന്റെ 19-ാം വയസിൽ ‘ഇണയെ തേടി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. പിന്നീടവർക്കുമുന്നിൽ തുറന്നത് സിനിമയുടെ മായിക ലോകം. ‘വണ്ടി ചക്ര’മെന്ന തമിഴ് സിനിമയിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിൽക്ക് സ്മിതയെന്ന പേര് അവരുടെ ജീവിതത്തിലേക്ക് തന്നെ കടന്നുവരുന്നത്. ‘സിൽക്ക് സിൽക്ക് സിൽക്ക്’ എന്ന സിനിമയിൽ കൂടിയായപ്പോൾ ആ പേരിന് ഇനി മാറ്റമില്ലെന്നായി. ആ പേരിൽ തന്നെ സിനിമയും, പ്രേക്ഷകരും അവരെ സ്വീകരിച്ചുകഴിഞ്ഞിരുന്നു.

അന്നത്തെ സിനിമയുടെ പോസ്റ്ററുകളിൽ പോലും സിൽക്ക് സ്മിതയുടെ ചിത്രമായിരുന്നു നിറഞ്ഞുനിന്നത്. എന്തിനേറെ പറയുന്നു മുൻനിര നായകന്മാരുടെ സിനിമകളുടെ ചിത്രീകരണം പോലും സിൽക്കിന്റെ ഡേറ്റ് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിൽ 500 ൽ അധികം സിനിമകളിൽ ചെറുതും, വലുതുമായ വേഷങ്ങൾ. തന്റെ ഡാൻസില്ലാതെ സിനിമയില്ലെന്ന ഒരു ട്രെൻഡും അവർ നേടിയെടുത്തെങ്കിലും, വ്യക്തിജീവിതം അത്ര സുഗമായിരുന്നില്ല. ശരീര പ്രദർശനം എന്നത് അവരുടെ കുറ്റം ആയിരുന്നില്ല. അന്നത്തെക്കാലത്തെ സിനിമയും പ്രേക്ഷകരും അതാവശ്യപ്പെട്ടിരുന്നു. സിനിമ നിർമാണത്തിലേക്ക് കൂടി സ്മിത കടന്നതോടെ തന്റെ ജീവിതം തന്നെ മാറി മറിയുകയാണെന്ന് അവർ അറിഞ്ഞിട്ടുണ്ടാകുമോ.

Also Read; ഏഴു പതിറ്റാണ്ടിന് ശേഷം ഒരു തിരിച്ചുവരവ്; തട്ടിക്കൊണ്ടുപോകലിന് ഇരയായ അനിയന്‍ തിരികെയെത്തിയ സന്തോഷത്തില്‍ സഹോദരന്‍

ആദ്യത്തെ രണ്ട് സിനിമകളും വൻ പരാജയം. മൂന്നാമത്തെ സിനിമ 20 കോടി രൂപ കടം നേടിക്കൊടുത്ത ഒപ്പം തന്നെ ആ സിനിമ പൂർത്തിയാക്കാനും കഴിഞ്ഞില്ല. അതോടൊപ്പം തന്നെ സ്മിത ഒരു യുവ സംവിധായകനുമായി പ്രണയത്തിലായിരുന്നുവെന്നും, ആ പ്രണയ തകർച്ച അവരെ നിരാശയിലേക്കെടുത്ത് എറിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീടെപ്പോഴോ സിനിമയെന്ന ആൾക്കൂട്ടത്തിൽ അവർ തനിച്ചായി. മരണം പോലും അവരെ ഒറ്റപ്പെടുത്തിയെന്ന് അക്ഷരാർത്ഥത്തിൽ പറയാം. തന്റെ പഴയകാല ജീവിതവും, പട്ടിണിയും തിരികെ വരുമോയെന്ന പേടികൊണ്ടായിരിക്കാം, 36-ാം വയസിൽ തന്റെ അപ്പാർട്ട്മെന്റിനുള്ളിൽ ഒരു സാരിയിൽ തൂങ്ങി അവർ ജീവനൊടുക്കി. അവരുടെ മൃതദേഹം കാണാൻ പോലും ആരും എത്തിയില്ല. ഒരു ആരാധകനും, സിനിമ ലോകവും ആ വേർപാടിൽ കണ്ണീരൊഴുക്കിയില്ല. സത്യത്തിൽ എന്തായിരുന്നു ആ ജീവിതത്തിന്റെ അർഥം?

ആരാധകരുടെ അനുശോചനങ്ങളോ, പുഷ്പചക്രങ്ങളോ അവരെ തേടിയെത്തിയില്ല. മരണത്തിന്റെ അന്നുതന്നെ അവരെ ആരാധകർ മറന്നിരുന്നു. മരണത്തിൽ പോലും ഇത്രയധികം വിവേചനം നേരിട്ട മറ്റൊരു നടിയും സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് തോന്നും. ഐറ്റം ഡാൻസുകൾ ചെയ്യുന്ന ഒരാൾ എന്നതിനപ്പുറം, വിജയലക്ഷ്മി എന്നൊരു അഭിനേത്രി കൂടി അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. അത് ആരും കണ്ടില്ല, കാണാൻ ശ്രമിച്ചതുമില്ല. ചുരുക്കിപ്പറഞ്ഞാൽ സിനിമാലോകം, ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വലിച്ചെറിഞ്ഞ ഒരു മെറ്റിരിയൽ… ഒരുപക്ഷെ ഇന്ന് അവർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തനിക്ക് നേരിട്ട ഒരുപാട് അനുഭവങ്ങൾ തുറന്നുപറഞ്ഞേനേ. മലയാള സിനിമ രംഗത്തെ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചുകുലുക്കിയതിനേക്കാൾ ശക്തിയിൽ, സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ തന്നെ പിടിച്ചുലക്കാൻ വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതക്ക് കഴിഞ്ഞേനെ…

ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ, ജീവിതം മടുത്തിട്ടോ ആയിരിക്കില്ല അവർ ജീവനൊടുക്കാൻ തീരുമാനമെടുത്തത്. ചിലപ്പോൾ ഒറ്റപ്പെടലുകളെ ഭയന്നിട്ടായിരിക്കാം. ആർക്കും ആരോടും കമ്മിറ്റ്മെന്റുകളോ ആത്മാർത്ഥതയോ ഇല്ലാത്ത സിനിമ ലോകത്ത് ഇങ്ങനെയും ചിലർ ജീവിച്ച്, ഉപയോഗിക്കപ്പെട്ട്, മരിച്ചിട്ടുണ്ടെന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം…

Story Summary; 28th death anniversary of Silk Smitha, through her memories

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News