ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കാലത്ത് വിജ്ഞാനം പകര്‍ന്നു നല്‍കുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്പാദനം നടത്തുക, നൈപുണിയും തൊഴില്‍ പരിശീലനവും ലഭ്യമാക്കുക എന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖല വളരുകയാണ്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകള്‍ ഏര്‍പ്പെടുത്തുകയും അവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വലിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ജ്ഞാനോല്പാദനത്തിനും നൈപുണി പരിശീലനത്തിനും ഒരുപോലെ പ്രാമുഖ്യം നല്‍കുന്ന ദ്വിമുഖ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രോഗ്രാമുകളെയും കോഴ്‌സുകളെയും പരിഷ്‌ക്കരിക്കുന്നത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍; പ്രതിഷേധം
കുറിപ്പിന്റെ പൂര്‍ണ രൂപം:-
കേരളത്തിലെ കലാലയങ്ങള്‍ നാലു വര്‍ഷ ബിരുദ പരിപാടിയിലേയ്ക്ക് കടക്കുന്ന ഈ ദിനം നവാഗതരെ വരവേല്‍ക്കുന്ന വിജ്ഞാനോത്സവത്തോടെ സംസ്ഥാനമാകെ ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നാലു വര്‍ഷ ബിരുദം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പുതിയ കാലത്ത് വിജ്ഞാനം പകര്‍ന്നു നല്‍കുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്പാദനം നടത്തുക, നൈപുണിയും തൊഴില്‍ പരിശീലനവും ലഭ്യമാക്കുക എന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖല വളരുകയാണ്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകള്‍ ഏര്‍പ്പെടുത്തുകയും അവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വലിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ജ്ഞാനോല്പാദനത്തിനും നൈപുണി പരിശീലനത്തിനും ഒരുപോലെ പ്രാമുഖ്യം നല്‍കുന്ന ദ്വിമുഖ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രോഗ്രാമുകളെയും കോഴ്‌സുകളെയും പരിഷ്‌ക്കരിക്കുന്നത്.
പുതിയ മാറ്റങ്ങളെ സ്വാംശീകരിച്ചുകൊണ്ട് അവസാനത്തെ ഒരു വര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സ് ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ടെക്‌നോളജിക്കല്‍ മേഖലയിലെ കരിക്കുലം പരിഷ്‌കരിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള പഠനവും പഠനരീതികളും അവലംബിച്ചുകൊണ്ട് ഗവേഷണം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുകയും നവീനമായ അധ്യാപനരീതിയിലൂടെ വിദ്യാര്‍ത്ഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിഷ്‌ക്കരിച്ച കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ രംഗത്തേക്ക് പോകേണ്ടവര്‍ക്ക് തൊഴില്‍ രംഗത്തിനാവശ്യമായ നൈപുണികളും പരിശീലനവും ഉറപ്പുവരുത്തുന്ന രീതിയിലും ഗവേഷണ-അധ്യാപന മേഖലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനനുസൃതമായ രീതിയിലും പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും.
ഭാഷാ പഠനരീതികളിലും നിലവിലുള്ള കോര്‍-കോംപ്ലിമെന്ററി രീതികളില്‍ നിന്നു വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന മേജര്‍, മൈനര്‍ എന്ന പുതിയ ആശയമാണ് നടപ്പിലാക്കിയിരിക്കുന്നത്. അറിവ് നേടുന്നതിനോടൊപ്പം ഭാഷാപ്രാവീണ്യം, വിമര്‍ശനാത്മകചിന്ത, നൈപുണ്യവികസനം, അനലറ്റിക്കല്‍ സ്‌കില്‍, മൂല്യാധിഷ്ഠിതവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, സംരംഭകത്വം മുതലായവ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തി അവരെ ആധുനിക കാലത്തെ തൊഴിലിനു പ്രാപ്തരാക്കുന്ന വിധത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ കേവലം തൊഴില്‍ ശാലകള്‍ക്ക് വേണ്ടിയുള്ള ഒരു ബിരുദം കരസ്ഥമാക്കുകയല്ല. മറിച്ച്, പുതിയ ജ്ഞാനോല്പാദനം നടത്തുന്നതിന് ഉതകുന്ന വിധത്തില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നതിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പരമ്പരാഗത കോഴ്‌സുകളെയടക്കം ആധുനികവല്‍ക്കരിക്കുന്ന കാഴ്ചപ്പാടാണ് പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സയന്‍സ് പഠിക്കുന്നവര്‍ സാമൂഹ്യ സാംസ്‌കാരിക മാനവിക വിഷയങ്ങള്‍ പഠിച്ചുകൂടെന്നോ മറിച്ചോ ഉള്ള വിലക്കുകള്‍ ഇനി മുതല്‍ ഉണ്ടാവില്ല.
വിദ്യാര്‍ത്ഥികളുടെ അഭിരുചിയും താല്പര്യവും മനസിലാക്കി അടുത്ത നാലു വര്‍ഷം, അതായത് ഒരു ബാച്ച് വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാകുന്നതുവരെയുള്ള മാറ്റങ്ങളെ സസൂക്ഷ്മമായി സര്‍വകലാശാലകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പും വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തില്‍ ഏതര്‍ത്ഥത്തിലാണോ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുപോകുന്നതിനുള്ള സാധ്യതകള്‍ തുറന്നുവെക്കേണ്ടത് ആ അര്‍ത്ഥത്തില്‍ നിലവിലുള്ള പ്രോഗ്രാമുകളും കോഴ്‌സുകളും സമഗ്രമായി പരിഷ്‌കരിക്കും. ആ തരത്തില്‍ മാത്രമേ നമുക്ക് ഇനി മുന്നോട്ടുപോകുവാന്‍ സാധിക്കുകയുള്ളു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകള്‍ അക്കാദമിക സമൂഹത്തില്‍ മാത്രം ഒതുക്കിനില്‍ക്കരുത്. അവയുടെ ജനാധിപത്യവത്ക്കരണം സാധ്യമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം. അങ്ങനെ വിജ്ഞാനസമൂഹമായി നാം പരിവര്‍ത്തനപ്പെടണം. നാലു വര്‍ഷ ബിരുദം എന്ന മാറ്റം ഇതിനെല്ലാം വഴിയൊരുക്കും എന്നു പ്രതീക്ഷിക്കാം.
ALSO READ:അപകീര്‍ത്തി കേസ്; മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here