നാല്‍പത്തിയഞ്ച് ബാഗുകളില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരഭാഗങ്ങള്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മെക്സിക്കോ നഗരമായ ഗ്വാദലഹാരയിലാണ് സംഭവം നടന്നത്. ഒരു കോള്‍ സെന്റര്‍ സ്ഥാപനത്തില്‍ നിന്ന് കാണാതായവരുടേതാണ് മൃതദേഹാവശിഷ്ടങ്ങള്‍ എന്നാണ് കരുതുന്നത്. വനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് വിവരം.
മെക്സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞയാഴ്ച എട്ടുപേരെ കാണാതായത്. ഒരേ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. എല്ലാവരും 30നടുത്ത് പ്രായമുള്ളവരാണ്.
കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാല്‍, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി പരാതി ലഭിച്ചത്. സംഭവത്തില്‍ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ 45 ബാഗുകള്‍ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here