ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലഘട്ടം; അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമകൾക്ക് 49 ആണ്ട്

അലിഡ മരിയ ജിൽസൺ

“ആഭ്യന്തര പ്രശ്നങ്ങൾ മൂലം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നു…” ഈ ഒരൊറ്റ വരി മാത്രമാണ് രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവെച്ച പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ നിശ്ചലമാക്കാൻ ഇന്ദിരയ്ക്കും ഈ ഒരൊറ്റ വരി മാത്രം മതിയായിരുന്നു. ഇന്ദിര ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വന്ന അലഹബാദ് ഹൈക്കോടതി വിധി, രാജിവെച്ചില്ലെങ്കിൽ ജനരോഷം ഉയരുമെന്ന ഭയം, എങ്ങനെയും ജനങ്ങളെ പൂട്ടിയിട്ട് തന്റെ കസേര സംരക്ഷിക്കാൻ ഇന്ദിരാ ഗാന്ധി നടത്തിയ അവസാന കച്ചിത്തുരുമ്പായിരുന്നു ഈ അടിയന്തരാവസ്ഥ. രാഷ്ട്രത്തെ താങ്ങി നിർത്തുന്ന ജനാധിപത്യത്തിന്റെ തൂണുകളെ ഇളക്കി, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, എതിർത്ത് സംസാരിച്ചവരെ നിഷ്ഠൂരം അടിച്ചമർത്തി ഇന്ദിര ഗാന്ധി എന്ന പ്രധാനമന്ത്രി നടത്തിയ തേർവാഴ്ച. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലഘട്ടം.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലം;

1971 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പാർട്ടിയായ കോൺഗ്രസ് പരക്കെ കൃത്രിമം കാട്ടിയെന്ന് ആരോപണങ്ങൾ പ്രചരിച്ചിരുന്നു. ഗാന്ധിയൻ സോഷ്യലിസ്റ്റ് നേതാ‍വായ ജയപ്രകാശ് നാരായൺ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാൻ ജനകീയ പ്രക്ഷോഭം നടത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഒരുമിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചു. അതിനോടൊപ്പം തന്നെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പാർട്ടി ജനതാ പാർട്ടിയോട് പരാജയപ്പെടുകയും, പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു.

തെരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നാരായണൻ അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ, ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തെരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്നീ ആരോപണങ്ങളിന്മേൽ കുറ്റക്കാരിയായി വിധിക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കി.

അടിയന്തരാവസ്ഥ പ്രഖ്യാപനം;

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയായിരുന്നു ഇന്ദിര സർക്കാർ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരയുടെ തന്നെ വാക്കുകളിൽ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യിൽ കൊണ്ടുവന്നു. ഭരണഘടനയനുസരിച്ച് ഇന്ദിരയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി അഹമ്മദ് എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതിയും നൽകി. ഇത് 1977-ൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നു.

ഇന്ത്യൻ ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര ഗാന്ധി നടത്തിയ ഏകാധിപത്യ ഭരണമായിരുന്നു അടിയന്തരാവസ്ഥയിൽ കണ്ടത്. സ്വയം അമിത അധികാരങ്ങൾ നൽകിയ ഇന്ദിര പൗരാവകാശങ്ങൾക്കും രാഷ്ട്രീയ എതിർപ്പിനും എതിരെ വ്യാപകമായ അടിച്ചമർത്തൽ ആരംഭിച്ചു. രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും ഗവൺമെന്റ് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ പാർട്ടികളടക്കം നിരോധിക്കപ്പെട്ടു. പല നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു, മാരകമായി പീഡിപ്പിക്കപ്പെട്ടു. ഇക്കാലഘട്ടത്തിൽ 1,40,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകൾ. ഇതിൽ കേരളത്തിൽ നിന്ന് മാത്രമായി ഉൾപ്പെട്ടത് 8058 പേരും.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(സിപിഐ) നേതാവ്‌ സി അച്യുതമേനോൻ ആയിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി. പ്രമുഖ കോൺഗ്രസ്സ് നേതാവ്‌ കെ കരുണാകരൻ ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധമായ രാജൻ കേസ്‌ ഉണ്ടായതും അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡിഐജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായി. ഏറെ വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി കെ കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

21 മാസക്കാലം നീണ്ടുനിന്ന അടിയന്തരാവസ്ഥ 1977 മാർച്ച് 23-ന് ഔദ്യോഗികമായി അവസാനിച്ചു. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയുണ്ടായി. ഇന്ദിരയും സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പല കോൺഗ്രസ് അനുഭാവികളും ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് ഇതര കക്ഷികൾക്ക് ഒരുമിച്ച് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായി. മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.

ഇന്ദിര സർക്കാർ ഉന്നയിച്ച അടിയന്തരാവസ്ഥയുടെ കാരണങ്ങളെക്കുറിച്ച് പരിശോധിക്കാൻ
ജസ്റ്റിസ് ജെ സി ഷാ കമ്മീഷനെ ചുമതലപ്പെടുത്തി. കമ്മീഷൻ നടത്തിയ പരിശോധനയിൽ സർക്കാർ ഉന്നയിച്ച യാതൊരുവിധ വിഷയങ്ങളും നിലനിന്നിരുന്നില്ല എന്നും കണ്ടെത്തി. മാത്രവുമല്ല അടിയന്തരാവസ്ഥയുടെ നീക്കങ്ങൾ മന്ത്രിസഭയിലെ മറ്റംഗങ്ങൾ അറിഞ്ഞിരുന്നതുമില്ല.

മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ;

ഇതിനു സമാനമായ സംഭവവികാസങ്ങൾ മോദി ഭരണത്തിന് കീഴിലെ 10 വർഷത്തിൽ നമ്മൾ നേരിൽ കണ്ടതാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഇപ്പോൾ നിലനിൽക്കുന്നില്ല, എന്നാൽ സാഹചര്യങ്ങൾ ഏറെക്കുറെ സമാനമാണ്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു അടിയന്തരാവസ്ഥയിൽക്കൂടി കഴിഞ്ഞ 10 വർഷത്തോളമായി നമ്മൾ കടന്നുപോകുന്നുണ്ട്. മോദി ഭരണത്തിന് കീഴിൽ എത്രയോ പേർ തുറങ്കിലടക്കപ്പെട്ടു, എത്രയോ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി, എത്രയോ പേർ പീഡിപ്പിക്കപ്പെട്ടു. ഭരണഘടനയെ അട്ടിമറിച്ചവർ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടവരെ കള്ളക്കേസുകളിൽ കുടുക്കി.

എന്നാൽ തടവറകൾക്ക് വിറപ്പിക്കാനാവാത്ത മാധ്യമ പ്രവർത്തകരുണ്ടെന്ന് മോദിയെ ഓർമിപ്പിക്കുകയിരുന്നു ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരക്കായസ്ഥയെന്ന ഇടതുപക്ഷക്കാരൻ. സ്റ്റാൻ സ്വാമിയും ഗൗതം നവ്‌ലഖയും പ്രൊഫ. ജി എൻ സായിബാബയും മോദി ഭരണത്തിന്റെ ഇരകളാണ്‌. വർഗീയ രാഷ്രീയത്തെയും ജാതിയതെയും തന്റെ എഴുത്തുകളിലൂടെ തുറന്നുകാട്ടിയതിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ച് കൊന്ന ഗൗരി ലങ്കേഷ് മോദിയുടെ കണ്ണിലെ കരടായിരുന്നു. ഹിന്ദുത്വ ശക്തികളുടെ പ്രതിപ്പട്ടിക ഇനിയും നീളുകയാണ്.

സിഎഎ നിയമം പാസാക്കിയതും, കർഷക സമരവുമെല്ലാം മോദി ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ബാക്കി പത്രങ്ങളാണ്. വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെയും ദളിതരെയും കടന്നാക്രമിക്കുന്ന പ്രധാനമന്ത്രിയുള്ള രാജ്യത്ത് പ്രതിഷേധിക്കുന്ന കർഷകരും രാജ്യദ്രോഹികളായി കണക്കാക്കപ്പെടും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി ഭരണത്തെ കീഴ്മേൽ മറിക്കാനായില്ലെങ്കിലും ശക്തമായ തിരിച്ചടി തന്നെയാണ് ജനങ്ങൾ നൽകിയത്. അയോധ്യയും, രാമക്ഷേത്രവും, അമ്പലങ്ങളുമല്ല ജനാധിപത്യമാണ് ഒരു രാജ്യത്തിന് വേണ്ടതെന്ന് ജനങ്ങൾ തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News