കർണാടകയിലെ മരികംബ സിറ്റിയിലെ അങ്കണവാടി വിദ്യാർഥിനിയായ അഞ്ചുവയസുകാരി മയൂരി സുരേഷിന്‍റെ മരണത്തെ തുടർന്ന് സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്രത്തോളം ഫലപ്രദമെന്ന ചോദ്യമുയർത്തി കർണാടകയിൽ വൻ പ്രതിഷേധം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക്പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ മയൂരിയെ പാമ്പ് കടിക്കുകയായിരുന്നു.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് കുട്ടി അടുത്തുള്ള കാട് മൂടിക്കിടന്ന പറമ്പിലേക്ക് മൂത്രമൊഴിക്കാൻ പോയത്. സംഭവം വ്യാപക രോഷത്തിന് കാരണമായിട്ടുണ്ട്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പൊതുജനങ്ങൾ പ്രതിഷേധമുയർത്തുന്നുണ്ട്.
അതേ സമയം, മയൂരിയെ എത്തിച്ച താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ദീപയുടെ ഭാഗത്ത് നിന്നുണ്ടായഅനാസ്ഥയാണ് മയൂരിയുടെ മരണത്തിന് കാരണമെന്നും ആരോപണമുണ്ട്. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ഡോക്ടര്‍ ആന്റി വെനം നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. അടിയന്തര പരിചരണം നല്‍കിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
സംഭവത്തിൽ, തഹസില്‍ദാരുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും നടത്തി. ടോയ്‌ലറ്റ് സൗകര്യങ്ങളില്ലായ്മ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത , സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പരാതികൾ ഉൾപ്പെടുത്തി നിവേദനവും നൽകിയിട്ടുണ്ട്. അങ്കണവാടികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടുന്ന ഒരു മെമ്മോറാണ്ടം 2024 ഓഗസ്റ്റ് 23-ന് കർണാടക സർക്കാരിലെ വനിതാ ശിശു വികസന മന്ത്രിക്ക് സമർപ്പിച്ചിരുന്നു. കർണാടക സർക്കാർ ഈ പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here