സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി ഐഎഫ്എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ

iffk

തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെആകർഷണമായിരിക്കും.സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗവും ചലച്ചിത്രമേളയുടെ മറ്റൊരു പ്രത്യേകതയാണ്.

ഈ വർഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ,മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിൻ്റെ ഉദാഹരണങ്ങളാണ്.

Also Read: ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐഎഫ്എഫ്കെ ഫേവറൈറ്റ്‌സ് പാക്കേജ്

കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നീ സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിൻ്റെ ആദ്യ ചിത്രമാണ് ഗേൾഫ്രണ്ട്സ്. ഒരു ട്രാൻസ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് ‘കാമദേവൻ നക്ഷത്രം കണ്ടു’. പൗരുഷത്തിൻ്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘർഷങ്ങളാണ് ചിത്രീകരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം, ലിംഗ വിവേചനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

Also Read: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം

അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് എൽബോ, മെമ്മറീസ് ഓഫ് എ ബർണിങ് ബോഡി, ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ്,ഹൂ ഡൂ ഐ ബിലോങ്ങ് ടു,ബാൻസോ, ഏപ്രിൽ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്, ടോക്സിക്.ജർമൻ സംവിധായികയായ ആസ്ലി ഒസാർസ്വെൻ സംവിധാനം ചെയ്ത എൽബോ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുൾപ്പെട്ട ചിത്രമാണ്. തന്റെ ജന്മദിനത്തിലുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് ജന്മനാട് വിട്ടു പോകേണ്ടി വരുന്ന ഹേസൽ എന്ന പെൺകുട്ടിയുടെ യാത്രയാണ് സിനിമയുടെ പശ്ചാത്തലം. സ്ത്രീ ലൈംഗികതചർച്ച ചെയ്യുന്ന മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി അൻ്റണെല്ല സുദസാസി ഫർണിസാണ് സംവിധാനം ചെയ്തത് .

അർജന്റീനിയൻ സംവിധായികയും തിരക്കഥാകൃത്തുമായ സെലിന മുർഗയുടെ ചിത്രമാണ് ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ് .ഒരു സർവകലാശാലയ്ക്കുള്ളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടക്കുന്ന സങ്കീർണമായ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.ബ്രദർഹുഡ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മെര്യം ജൂബൂർ സംവിധാനം ചെയ്ത ചിത്രമാണ് ഹൂ ഡു ഐ ബിലോംഗ് ടു. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ തൻ്റെ മകനോടുള്ള സ്നേഹത്തിൻ്റേയും അവൻ്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെയും ഇടയിൽ വീർപ്പു മുട്ടുന്ന ഒരു ടുണീഷ്യൻ സ്ത്രീയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.

പോർച്ചുഗീസ് സംവിധായികയായ മാർഗ്ഗ റിദ കാർഡോസോയുടെ ബാൻസോ, ഒരു ദ്വീപിലെ രോഗികളെ പരിചരിക്കുന്ന അഫോൻസോ എന്ന ഡോക്ടറുടെ കഥപറയുന്നു. ജോർജിയൻ സംവിധായികയും എഴുത്തുകാരിയുമായ ഡീകുലുംബെഗാഷ്‌വിലിയുടെ ചിത്രമാണ് ഏപ്രിൽ. ദുഃഖം, സഹിഷ്ണുത, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദേശവും നേടിയിട്ടുണ്ട്.

സ്വന്തം കുടുംബം പോറ്റാൻ ഉത്സി എന്ന ആൺകുട്ടി അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടുകളുമാണ് സോൾജർഗൽ പുറവദേശ് സംവിധാനം ചെയ്ത ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ് എന്ന സിനിമ ചർച്ച ചെയ്യുന്നത്. 13 വയസ്സുള്ള രണ്ട് പെൺകുട്ടികൾ തങ്ങളുടെ വിരസമായ നഗരജീവിതത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന സോലെ ബ്ല്യൂ വൈറ്റിൻ്റെ ലിത്വാനിയൻ സിനിമയാണ് ടോക്സിക്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളായ ലോകാർണോ, സ്റ്റോക്ഹോം,ചിക്കാഗോ എന്നീ ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ഇവ കൂടാതെ മറ്റു വനിതാ സംവിധായകരുടെ ചിത്രങ്ങളായ ഈസ്റ്റ് ഓഫ് നൂൺ, ലിൻഡ, ആൻ ഓസിലേറ്റിങ് ഷാഡോ, സെക്കന്റ് ചാൻസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഫയർ, ജൂലി റാപ്‌സോഡി, ബോട്ട് പീപ്പിൾ, ഐറ്റീൻ സ്പ്രിങ്സ്, എ സിമ്പിൾ ലൈഫ്, ദി പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ആന്റ്, വെൻ ദി ഫോൺ റാങ്, ഡെസേർട്ട് ഓഫ് നമീബിയ, ലവബിൾ, മൂൺ, സിമാസ് സോങ്, ഹനാമി, ഹോളി കൗ, ദി ലോങ്ങസ്റ്റ് സമ്മർ, ദി ലൈറ്റ്ഹൗസ്, ഷുഡ് ദി വിൻഡ് ഡ്രോപ്പ്, പരാജ്നോവ് സ്കാൻഡൽ, എ ഷെഫ് ഇൻ ലൗ, ബ്യൂ ട്രവെയിൽ, ദി സബ്സ്റ്റൻസ്, വെർമിഗ്ലിയോ, വില്ലേജ് റോക്‌സ്‌റ്റാർസ് 2, ദി ഔട്രൻ, ഇൻ ദി ലാൻഡ് ഓഫ് ബ്രദേഴ്‌സ്, സുജോ, ഐ ആം നവേംൻക, ദി ആന്റിക്ക്, പിയേഴ്സ്, ഫോർമോസ ബീച്, ഷാഹിദ്, സാവേ മരിയാ, മൈ ഫേവറൈറ്റ് കേക്ക്, ദി ടീച്ചർ, ചിക്കൻ ഫോർ ലിൻഡ എന്നീ ചിത്രങ്ങളും പ്രദർശനത്തിലുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News