തകർന്നു വീണിടത്തു നിന്നും കുതിച്ചെഴുന്നേറ്റ് ഇന്ത്യൻ വിപണി. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം നൽകിയത്. 1400 പോയിന്റിന് മുകളിലാണ് സെന്സെക്സിന്റെ നേട്ടം. 450 പോയിന്റുമായി നിഫ്റ്റിയും കുതിപ്പ് തുടരുകയാണ്. ഇതോടെ വിപണിയിലെ മുന്നേറ്റത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 450.01 ലക്ഷം കോടിയിലെത്തി. 5.58 ലക്ഷം കോടിയുടെ വർധനവാണ് മൂല്യത്തിൽ ഉണ്ടായത്.
ഓട്ടോ, ഐ ടി മേഖലകളിലെ ഓഹരികളിൽ വൻ വർധനവാണുണ്ടായത്. ഓട്ടോ ഓഹരികളുടെ മുന്നേറ്റത്തിന് പിന്നില്‍ ഡിസംബറിലെ വാഹന വില്പന കണക്കുകളാണ്. വാര്‍ഷിക വില്പനയില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ മാരുതിയുടെ ഓഹരി വില 4.5 ശതമാനം ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അശോക് ലൈലാന്‍ഡ് എന്നിവ നാല് ശതമാനം നേട്ടമുണ്ടാക്കി. ഐടി മേഖലയിൽ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള കമ്പനികളുടെ ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായി.
ബാങ്കിങ്-ധനകാര്യ മേഖലയിലും ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവർ മൂല്യത്തിൽ വൻ കുതിപ്പാണുണ്ടാക്കിയത്. ബജാജ് ഫിന്‍സര്‍വ് ആറ് ശതമാനവും ബജാജ് ഫിനാന്‍സ് എട്ട് ശതമാനവും ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവയും വിപണിയിൽ നേട്ടമുണ്ടാക്കി. അതെ സമയം വാര്‍ഷികാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനം 7.3 ശതമാനം ഉയര്‍ന്ന് 1.77 ലക്ഷം കോടി രൂപയിലെത്തിയത് വിപണി നേട്ടമാക്കി. അടുത്തയാഴ്ച ത്രൈമാസ വരുമാന കണക്കുകള്‍ പുറത്തു വരാനിരിക്കെയാണ് ഈ മുന്നേറ്റം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here