ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തത്തോടെ 63-ാമത് സുബ്രതോ കപ്പിന് ഓഗസ്റ്റ് 5-ന് തുടക്കമാകും. സെപ്റ്റംബര്‍ 11 വരെ നടക്കുന്ന മത്സരങ്ങളില്‍ ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 111 ടീമുകള്‍ ഏറ്റുമുട്ടും. ദില്ലി എന്‍സിആര്‍, ബെംഗളൂരു എന്നിവിടങ്ങളാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുക. ദില്ലിയിലെ ആകാശ് ഓഫീസേഴ്‌സ് മെസ്സില്‍ എയര്‍ മാര്‍ഷല്‍ ആര്‍കെ ആനന്ദ് വിഎസ്എം, സുബ്രതോ മുഖര്‍ജി സ്‌പോര്‍ട്‌സ് എജ്യുക്കേഷന്‍ സൊസൈറ്റി ഭാരവാഹികള്‍ സുബ്രതോ കപ്പ് പ്രഖ്യാപനം നടത്തി.
ALSO READ: സാധന സക്‌സേന നായര്‍; ആര്‍മിയുടെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിത
പാരാലിമ്പിക്‌സ് ഇതിഹാസവും പത്മശ്രീ, ഖേല്‍രത്‌ന പുരസ്‌കാര ജേതാവുമായ ഡോ. ദീപ മാലിക്കും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങില്‍ ജഴ്സി – ലോഗോ പ്രകാശനവും നടന്നു. ലഡാക്കിനെയും പഞ്ചാബിനെയും പ്രതിനിധീകരിക്കുന്ന ടീമുകള്‍ ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ നാല് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുക്കും. മൂന്ന് വിഭാഗങ്ങളിലും ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കും, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ പങ്കെടുക്കും. ദില്ലിയിലെ അംബേദ്കര്‍ സ്റ്റേഡിയം, തേജസ് ഫുട്ബോള്‍ ഗ്രൗണ്ട് എന്നിവയ്ക്ക് പുറമെ, ഗുരുഗ്രാമിലെ ജിഡി ഗോയങ്ക ഗ്ലോബല്‍ സ്‌കൂളും കെഐഐടി വേള്‍ഡ് സ്‌കൂളും വേദികളാകും.
ബെംഗളൂരുവില്‍ എഎസ്‌സി സെന്റര്‍, എയര്‍ഫോഴ്‌സ് സ്‌കൂള്‍, ജലഹള്ളി, എയര്‍ഫോഴ്‌സ് സ്‌കൂള്‍, യെഹലങ്ക, എച്ച്ക്യു ട്രെയിനിംഗ് കമാന്‍ഡ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജൂനിയര്‍ ഗേള്‍സ് (അണ്ടര്‍ 17) വിഭാഗവുമായി ഓഗസ്റ്റ് അഞ്ചിന് ദില്ലി എന്‍സിആറില്‍ ടൂര്‍ണമെന്റ് കിക്ക് ഓഫ് ചെയ്യും. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 15) വിഭാഗം ഓഗസ്റ്റ് 19 മുതല്‍ ബെംഗളൂരുവില്‍ ആതിഥേയത്വം വഹിക്കും, ടൂര്‍ണമെന്റിന്റെ അവസാന ഘട്ടമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 17) വിഭാഗം സെപ്റ്റംബര്‍ 2 ന് ദില്ലി എന്‍സിആറില്‍ കിക്ക് ഓഫ് ചെയ്യും.
ALSO READ: ‘ആശ്വാസ് 2024’; പുതിയ കുടിശ്ശിക നിവാരണ പദ്ധതിയുമായി കെഎസ്എഫ്ഇ
എയര്‍ഫോഴ്‌സ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലുള്ള സുബ്രതോ മുഖര്‍ജി സ്‌പോര്‍ട്‌സ് എജ്യുക്കേഷന്‍ സൊസൈറ്റി ആതിഥേയത്വം വഹിച്ച സുബ്രതോ കപ്പ് 1960-ലാണ് ആദ്യമായി നടന്നത്. താഴെത്തട്ടില്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആശയം വിഭാവനം ചെയ്ത എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here