സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു : മന്ത്രി വി ശിവന്‍കുട്ടി

v sivankutty

സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ബോണസ്സ്, ഓണക്കിറ്റ്, എക്‌സ് ഗ്രേഷ്യാ, ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം 45 കോടി രൂപ അനുവദിച്ചു. കയര്‍, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാര്‍, മത്സ്യം, ഈറ്റ – പനമ്പ് തുടങ്ങിയ മേഖലകളിലെ 4,47,451 തൊഴിലാളികള്‍ക്കാണ് ഓണക്കാലത്ത് ആനുകൂല്യങ്ങള്‍ ലഭിക്കുക.

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍ സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് 2,14,64,000 രൂപ എക്‌സ്‌ഗ്രേഷ്യാ ധനസഹായം അനുവദിച്ചു. 10,732 തൊഴിലാളികള്‍ക്ക് ഈ ഓണക്കാലത്ത് 2000/- രൂപ വീതം എക്‌സ് ഗ്രേഷ്യാ ധനസഹായം ലഭിക്കും.

ALSO READ:  ചരിത്രം രചിച്ച് എസ്എഫ്ഐയുടെ ചുണക്കുട്ടികള്‍; കേരള സർവകലാശാല ഭാരവാഹിത്വത്തിൽ മുഴുവനും പെൺകുട്ടികൾ

ഒരു വര്‍ഷമോ അതിലധികമോ ആയി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 3,20,73,450 രൂപ എക്‌സ് ഗ്രേഷ്യാ ധനസഹായമായി അനുവദിച്ചു.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 398 കശുവണ്ടി ഫാക്ടറികളിലെ 14,647 തൊഴിലാളികള്‍ക്ക് 2250 രൂപ നിരക്കില്‍ ഓണക്കാലത്ത് ധനസഹായം ലഭ്യമാകും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന് അവശതാ പെന്‍ഷന്‍ വിതരണത്തിനായി 2 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകളായ 1,833 കുടുംബങ്ങള്‍ക്ക് ഈ ഓണക്കാലത്ത് 20 കിലോഗ്രാം അരി, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം വെളിച്ചെണ്ണ എന്നിവ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് 19,23,953/- രൂപ അനുവദിച്ചു.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 2024-25 സാമ്പത്തിക വര്‍ഷം അതിവര്‍ഷാനുകൂല്യ കുടിശിക വിതരണത്തിനായി പത്തു കോടി രൂപ അനുവദിച്ചു.

കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണത്തിന് വേണ്ടി 50 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് ധനസഹായത്തിന് അപേക്ഷിച്ച 74 അപേക്ഷകര്‍ക്ക് ഈ തുക വിതരണം ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സാമൂഹിക സംരക്ഷണ പദ്ധതിക്കായി 4 കോടി രൂപ അനുവദിച്ചു. അസംഘടിത ദിവസ വേതന തൊഴിലാളികള്‍ക്കുള്ള ആശ്വാസ നിധി പ്രകാരം 10 ലക്ഷം രൂപയും അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം ഒരു കോടി 75 ലക്ഷം രൂപയും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യങ്ങള്‍ക്കായി 2,15,00,000 രൂപയും അനുവദിച്ചിട്ടുണ്ട്.

ALSO READ: ഇത് ലൈഫ് ടൈം സെറ്റില്‍മെന്റ്! ഈ ഇലക്ട്രിക്ക് കാര്‍ നിങ്ങള്‍ സ്വന്തമാക്കിയിരിക്കും!

കയര്‍, കശുവണ്ടി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലെ വ്യവസായ ബന്ധ സമിതികള്‍ യോഗം ചേര്‍ന്ന് ആ മേഖലകളിലെ തൊഴിലാളികളുടെ ബോണസ്സും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2024-25 വര്‍ഷത്തെ ബോണസ്സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശം തൊഴില്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്ക് അനുവദിച്ച തുകയില്‍ കുറവു വരാത്ത വിധം ബോണസ്സ് അനുവദിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി ഇത്രയും തുക അനുവദിച്ചു നല്‍കിയ ധനകാര്യ വകുപ്പിനെ അഭിനന്ദിക്കുന്നു. റൂള്‍ 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന തൊഴിലാളികളെ ചേര്‍ത്ത് പിടിക്കുന്നത് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സാമ്പത്തിക പ്രതിസന്ധിയിലും മുന്‍ഗണന ക്രമം അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓണത്തിന് മുമ്പ് തന്നെ വിതരണം ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here