ബോളിവുഡ് ഗായകൻ സോനു നിഗമിന്റെ പിതാവിന്റെ വീട്ടിലെ 72 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. മാർച്ച് 19, 20 തീയതികളിൽ മുംബൈയിലെ ഓഷിവാരയിലുള്ള സീനിയർ സിറ്റിസൺസ് ഹോമിൽനിന്നാണ് 76കാരനായ അഗംകുമാർ നിഗമിന്റെ പണം നഷ്ടപ്പെട്ടത്. കിടപ്പുമുറിയിൽ സൂക്ഷിച്ച ലോക്കറിൽ നിന്നാണ് 72 ലക്ഷം രൂപ മോഷ്ടിച്ചത്.
മുംബൈ അന്ധേരി വെസ്റ്റിലെ ഓഷീവാരയിലുള്ള വിൻഡ്സർ ഗ്രാൻഡ് ബിൽഡിങ്ങിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. സോനുവിന്റെ ഇളയ സഹോദരി നികിതയാണ് ബുധനാഴ്ച്ച ഓഷിവാര പൊലീസിൽ ഇതുമായിബന്ധപ്പെട്ട പരാതി നൽകിയത്. എട്ട് മാസത്തോളം രഹാൻ എന്നയാൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം ജോലിയിൽ തൃപ്തരല്ലാത്തതിനാൽ പിരിച്ചുവിട്ടുവെന്നും പരാതിയിൽ പറയുന്നു.
മാർച്ച് 19 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് അഗംകുമാർ മകൾ നികിതയുടെ വീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഉച്ച ഭക്ഷണം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ കാണാതായതായി കണ്ടെത്തി. മരത്തിന്റെ അലമാരയിലായിരുന്നു ലോക്കർ സൂക്ഷിച്ചിരുന്നത്.
അടുത്ത ദിവസം അഗംകുമാർ സോനുവിന്റെ വീട്ടിൽ പോയിരുന്ന സമയത്താണ് രണ്ടാമതും മോഷണം നടന്നത്. വൈകിട്ടോടെ വീട്ടിൽ മടങ്ങിയത്തിയപ്പോൾ ലോക്കറിലുണ്ടായിരുന്ന 32 ലക്ഷം രൂപയും നഷ്ടമായതായി കണ്ടെത്തി. ലോക്കറും അലമാരയും തകർത്ത നിലയിലായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
അഗംകുമാറും നികിതയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുൻ ഡ്രൈവർ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയതായി കണ്ടെത്തിയത്. മോഷണം നടന്ന രണ്ട് ദിവസവും ഇയാൾ ബാഗുമായി ഫ്ലാറ്റിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പരാതിയിൽ പറയുന്നു.ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീടിനകത്ത് കടന്നത് എന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here