ഭീതിയുടെ റിപ്പബ്ലിക് ആണ് ഇന്നത്തെ ഇന്ത്യ

“On the 26th of January 1950, we are going to enter into a life of contradictions. In politics we will have equality and in social and economic life we will have inequality.
In politics we will be recognizing the principle of one man one vote and one vote one value.
In our social and economic life, we shall, by reason of our social and economic structure, continue to deny the principle of one man one value.

ഭരണഘടനാ അസംബ്ലിയിലെ സമാപന പ്രസംഗമെന്ന നിലയിൽ അംബേദ്‌കർ പറഞ്ഞുവെച്ച വാക്കുകളാണിവ. വർഷമെത്ര കഴിഞ്ഞാലും തെളിച്ചം കൂടുക മാത്രം ചെയ്യുന്ന ഒരു അംബേദ്കറിയൻ ആശയത്തിന്റെ സത്ത ഈ വാക്കുകളിലുണ്ട്. സാമൂഹികനീതി അഥവാ സോഷ്യൽ ജസ്റ്റിസ്. അംബേദ്‌കർ മുന്നോട്ടുവെച്ച ഭരണഘടനയിൽ ഏറ്റവും ഊന്നിപ്പറയുന്ന ആശയവും അതുതന്നെ. രാജ്യം ഇന്ന് എഴുപത്തിയഞ്ചാം റിപബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ ഭരണഘടന നിലവിൽ വന്ന് അത്രയും വർഷമാകുമ്പോൾ ഈ രാജ്യം ആരുടെ റിപ്പബ്ലിക്ക് ആണെന്ന ചോദ്യം പല കോണിൽ നിന്നും മുഴങ്ങിക്കേൾക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരം ലഭിക്കാത്തക്ക വിധം വർഗീയതയും ഫാസിസവും രാജ്യത്ത് പിടിമുറുക്കിയിട്ടുണ്ട്…

ആരുടെ രാജ്യം, ആരുടെ റിപ്പബ്ലിക്ക് എന്ന ചോദ്യം മാത്രമാകും ഈ ദിവസം ഓരോ ജനാധിപത്യ, മതേതരത്വ വിശ്വാസിയുടെയും മുൻപിൽ ചോദ്യചിഹ്നമായി നിൽക്കുക. അത്രയേറെ രാജ്യത്ത് ഭീതി വളർന്നിരിക്കുന്നു, രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം അടിമുടി മാറിയിരിക്കുന്നു. വർഗീയതയും മതഭ്രാന്തും മാത്രം തലയ്ക്കുപിടിച്ച ഒരു ആൾക്കൂട്ടത്തിന്റെ റിപ്പബ്ലിക്ക് മാത്രമായി രാജ്യം ഈ എഴുപത്തിയഞ്ചാം വാർഷികത്തിൽ ചുരുങ്ങുകയാണ്…

Also Read: 2024ലെ പത്മ പുരസ്‌കാരങ്ങള്‍ 132 പേര്‍ക്ക്

സാമ്പത്തിക അസമത്വത്തിന്റെ കൂർത്ത വാൾമുന ഇന്ത്യൻ ജനതയിലേക്ക് കുത്തിയിറങ്ങുന്നു എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ റിപ്പബ്ലിക് ദിനം. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ നാല്പത് ശതമാനവും വെറും ഒരു ശതമാനം പേർ മാത്രം കയ്യാളുന്ന, ലോകം അടഞ്ഞുകിടന്ന മഹാമാരിക്കാലത്ത് പോലും സമ്പന്നർ മാത്രം വീണ്ടും സമ്പന്നരായ റിപ്പബ്ലിക്കാണ് നമ്മുടേത്. അനേകം പേർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ പോലും കീശയിൽ പണം കുമിഞ്ഞുകൂടിയവർ എല്ലാം നിയന്ത്രിച്ച റിപ്പബ്ലിക്ക്. ലോകം ത്വരിതഗതിയിലേക്ക് മാറിയപ്പോളും നമ്മുടെ താഴത്തേട്ടിലെ ജനങ്ങൾ ഇപ്പോഴും കിതച്ചുകൊണ്ടിരിക്കുകതന്നെ. ക്രോണി ക്യാപിറ്റലിസം സംഘപരിവാറിന്റെ തണലിൽ തഴച്ചുവളരുന്ന കാലം കൂടിയാകുന്നു കഴിഞ്ഞ വർഷങ്ങൾ.

ഭരണഘടന നിലവിൽ വന്ന് 75 വർഷമായിട്ടും സാമൂഹികനീതി എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന ചോദ്യത്തിന് സംഘപരിവാർ ഇന്ത്യയെ അവരുടേതായ രീതിയിലേക്ക് മാറ്റിയെടുക്കുന്നു എന്നുമാത്രമേ ഉത്തരമുള്ളൂ. മത,ജാതി ന്യൂനപക്ഷങ്ങളെ എന്നും കയ്യൂക്കോടെ നേരിടുന്ന ഹിന്ദുത്വവാദികളുടെ ഇന്ത്യയിൽ നീതി എന്നത് ഒരു ഉട്ടോപ്യൻ സങ്കൽപ്പം മാത്രമായി മാറിയിരിക്കുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2024 റിപ്പോർട്ടിൽ മുസ്ലിങ്ങൾക്കും ദളിതർക്കുമെല്ലാം എതിരെയുള്ള വർധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പരാമർശമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നുഹിൽ നടന്ന സംഘർഷം പരാമർശിച്ചുകൊണ്ടാണ് റിപ്പോർട്ട് കടന്നുപോകുന്നത്. നമുക്കറിയാം, ഹിന്ദുത്വവാദികൾ ഇന്ത്യയുടെ ആത്മാവിനേൽപ്പിച്ച അനേകം മുറിവുകളിൽ ഒന്ന് മാത്രമായിരുന്നു നുഹ് എന്ന്. പിന്നീട് മുസ്ലിങ്ങളുടെ വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് ബുൾഡോസർ രാജ് നടത്തുന്ന ഒരു ഭരണകൂടത്തെയാണ് നാം കണ്ടത്. മണിപ്പൂരിലടക്കം ക്രിസ്ത്യൻ വിഭാഗത്തില്പെട്ടവരെ അടിച്ചുകൊന്നപ്പോഴും പള്ളികൾ ചുട്ടെരിച്ചപ്പോഴും ഒരക്ഷരം ഉരിയാടാതെയിരുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യമാണ് നമ്മുടേത്. ഇത്തരത്തിൽ ഏത് നേരവും ഹിന്ദുത്വവാദികൾ പൊളിച്ചേക്കാവുന്ന പള്ളികളും ചർച്ചുകളുമുള്ള, അരക്ഷിതാവസ്ഥയോടെ മാത്രം കഴിയുന്ന ന്യൂനപക്ഷങ്ങളുള്ള ഒരു റിപ്പബ്ലിക്കാണ് ഇന്നത്തെ ഇന്ത്യ.

തങ്ങൾക്ക് ഹിതകരമല്ലാത്തതിനെയെല്ലാം തുറുങ്കിലടക്കുന്ന ഒരു ഫാസിസ്റ്റ് സംസ്കാരത്തെ വളരെ സാധാരണത്വത്തിൽ സംഘപരിവാർ അവതരിപ്പിച്ച വർഷങ്ങൾ കൂടിയായിരുന്നല്ലോ കടന്നുപോയത്. ചെറിയൊരു രാഷ്ട്രീയപരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ ജനപ്രാതിനിധ്യം അപഹരിക്കപ്പെട്ട, മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി സ്തുതിഗീതം പാടിക്കുന്ന റിപ്പബ്ലിക്കായി ഇന്നത്തെ ഇന്ത്യ മാറിക്കഴിഞ്ഞു. എതിർക്കുന്നവർക്ക് NewsClick, The Wire എന്നീ മാധ്യമങ്ങളുടെ അവസ്ഥയുണ്ടാകുമെന്ന പ്രഖ്യാപനവും നമ്മൾ കണ്ടു. അത്തരത്തിൽ എല്ലാം കൈപ്പിടിയിലാക്കിയ, രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന, എതിർത്താൽ രാജ്യദ്രോഹം ചുമത്തി ജയിലിലടയ്ക്കപ്പെടുന്ന, ഉമർ ഖാലിദുമാരുടെയും സഞ്ജീവ് ഭട്ടിന്റെയുമെല്ലാം റിപ്പബ്ലിക്കായി മാറി ഇന്നത്തെ ഇന്ത്യ.

Also Read: 2024ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തിന്റെ പാർലമെന്റേറിയൻ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിനാണ് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചത്. മോദിയോട് ചോദ്യം ചോദിച്ചതിന്, സംഘപരിവാറിനോട് ചോദ്യം ചോദിച്ചതിന് 146 എംപിമാർ, ലോക്സഭയിൽ നിന്നും രാജ്യസഭയിൽനിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടു. പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ ബിജെപി പാസ്സാക്കിയത് സുപ്രധാനമായ നിരവധി ബില്ലുകളാണ്. ചോദ്യം ചോദിക്കുന്നവർ പുറത്താക്കപ്പെടുന്ന, സംഘപരിവാറിന്റെ സൗകര്യത്തിനനുസരിച്ച് പാർലമെന്റേറിയൻ ജനാധിപത്യം വർത്തിക്കുന്ന റിപ്പബ്ലിക്ക് ആയിമാറി ഇന്നത്തെ ഇന്ത്യ.

എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം ഇന്ന് ആഘോഷിക്കപ്പടുമ്പോൾ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഹിന്ദുത്വവാദികളുടെ ‘രാമരാജ്യ’ത്തിന്റെ പടിവാതിൽക്കലാണ് ഇന്ന് രാജ്യം. അംബേദ്കറും നെഹ്രുവുമെല്ലാം വിഭാവനം ചെയ്ത മതേതര ജനാധിപത്യ ഇന്ത്യയിൽ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പരിണാമത്തിലേക്കാണ് മോദി ഇന്ന് രാജ്യത്തെ മാറ്റിയെടുക്കുന്നത്. അതിന്റെ കാഹളം ബാബരി മസ്ജിദ് പൊളിച്ചുകളഞ്ഞ ശേഷം പണിത രാമക്ഷേത്രത്തിൽ ഉയർന്നുകഴിഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയെല്ലാം നോക്കുകുത്തിയാക്കി, പ്രധാനമന്ത്രി തന്നെ മുഖ്യപുരോഹിതനായി, രാജ്യത്തിന്റെ ഏകതാ സങ്കല്പത്തിന് മരണമണി മുഴക്കി. അതേസമയം,മധ്യപ്രദേശിലെ നർമദാപുരത്ത് മോദിയുടെ അനുയായികൾ രാമക്ഷേത്രത്തെ ആഘോഷിച്ചത് ഒരു ക്രിസ്ത്യൻ പള്ളി ആക്രമിച്ചും, കാവിക്കൊടി നാട്ടിക്കൊണ്ടുമായിരുന്നു.

ഇത്തരത്തിൽ രാജ്യത്തിന്റെ പ്രൗഡിയെ എടുത്തുകാണിക്കേണ്ട എല്ലാ സന്ദർഭങ്ങളിലും ഹിന്ദുത്വ അടയാളങ്ങളെ പ്രതിഷ്ഠിച്ച്, പേരുമാറ്റിയും അടയാളങ്ങളെ ഇല്ലാതാക്കിയുമുള്ള അപകടകരമായ ഒഒരു വർത്തമാന കാലത്തിലൂടെയാണ് നമ്മുടെ റിപ്പബ്ലിക് ഇന്ന് കടന്നുപോകുന്നത്.

How long shall we continue to live this life of contradictions?
How long shall we continue to deny equality in our social and economic life?

അംബേദ്‌കർ ചോദിച്ച, എത്രകാലം എന്ന ഈ ചോദ്യത്തിന് ഭരണഘന നിലവിൽ വന്ന് 75 വർഷം കഴിഞ്ഞിട്ടും നമുക്ക് ഉത്തരമില്ല. ജനാധിപത്യ , മതേതരത്വ വിശ്വാസികളുടെ മനസ്സിൽ ബാക്കിയുള്ള ഒരിറ്റ് പ്രതീക്ഷയിൽ മാത്രമാണ് അവയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിലയിലെങ്കിലുമുള്ള മറുപടിയുള്ളത്.

മറ്റൊന്ന് കൂടി പറഞ്ഞുനിർത്തുകയാണ്. “If I find the constitution being misused, I shall be the first to burn it” എന്നുപറഞ്ഞതും അംബേദ്കറാണ്. എന്നാൽ ആ അംബേദ്‌കറിന്റെ നിറംതന്നെ മാറ്റാനുള്ള ശ്രമത്തിലാണ് സംഘപരിവാർ ഇന്ന്. അതെ, ഇന്നത്തെ ഇന്ത്യ ഭീതിയുടെ റിപ്പബ്ലിക്കാണ് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News