78-മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ പതാക കൈമാറി. രാവിലെ വലിയ ചുടുകാട്ടിൽ നിന്നും പ്രയാണം ആരംഭിച്ച ദീപശിഖാ റാലി 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. മേനാശേരിയിൽ നിന്നുള്ള ദീപശിഖ പ്രയാണവും വയലാറിൽ എത്തിച്ചേരും. ഈ ദീപശിഖയും വാരാചരണ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും.
തുടർന്ന് പതിനായിരങ്ങൾ വരുന്ന പുന്നപ്ര വയലാർ സമര സേനാനികളുടെ പിന്മുറക്കാർ പുഷ്പാർച്ചനയിൽ പങ്കെടുക്കാൻ വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വയലാർ രാമവർമ്മ അനുസ്മരണവും അതിനുശേഷം പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ വലിയ ചുടുകാട്ടിൽ നടന്ന യോഗത്തിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി, മന്ത്രി സജി ചെറിയാൻ, പി പ്രസാദ്, സിഎസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, കൂടാതെ ജില്ലയിലെ എംഎൽഎമാരും ജനപ്രതിനിധികളും നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here