ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ 9 ജവന്മാർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ബിജാപ്പൂരിലാണ് ആക്രമണമുണ്ടായത്. നക്സലുകൾ വാഹനം സ്ഫോടക വസ്തു ഉപയോഗിച്ച് തകർക്കുകയായിരുന്നു. 8 ജില്ലാ റിസർവ് ഗാർഡുകളായ ജവന്മാരും ഒരു ഡ്രൈവറും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ജില്ലാ ദന്തേവാഡ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും.
സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു. ദന്തേവാഡ, നാരായൺപൂർ, ബിജാപൂർ എന്നിവിടങ്ങളിൽ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 20 ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്.
ALSO READ; എച്ച്എംപിവി: വൈറസ് ലോകം മുഴുവൻ എത്തി കഴിഞ്ഞിട്ടുണ്ടാകാം; നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് ഐസിഎംആർ
മാവോയിസ്റ്റുകൾ ഐഇഡി ഉപയോഗിച്ചാണ് വാഹനം തകർത്തത്. കുത്രു ബെദ്രെ റോഡിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ച് ഐജി പി സുന്ദർ രാജ് പറഞ്ഞു. ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here