ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. തിരക്കിൽ പെട്ട് മരിച്ച ഹൈദരാബാദ് ദില്‍സുഖ് നഗര്‍ സ്വദേശിനി രേവതിയുടെ മകനായ ശ്രീതേജിന് (9) ആണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അമ്മയായ രേവതി സംഭവദിവസം തന്നെ മരിച്ചിരുന്നു.
ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. അതേ സമയം, അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന്‍റെ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹൈദരാബാദിലെ ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററിലാണ് ദാരുണമായ സംഭവം . പ്രീമിയര്‍ ഷോ കാണാനെത്തിയതായിരുന്നു ഇവര്‍. രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമാണ് രേവതി തിയറ്ററില്‍ ഷോ കാണാന്‍ എത്തിയത്. ഷോ കാണാന്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്.
അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായിരുന്നില്ല. ഇതെല്ലാം തിയറ്ററുകാരുടെ ഗുരുതര വീഴ്ചയായാണ് പൊലീസ് വിലയിരുത്തുന്നത്. 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് സന്ധ്യാ തിയറ്ററർ ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here