പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ. എ റഹീം. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ രാജ്യത്തെ വേദനിപ്പിക്കുന്നതാണ്. പുല്‍വാമയിലേത് അങ്ങേയറ്റത്തെ ഇന്റലിജന്‍സ് പരാജയമാണെന്നും എ.എ റഹീം ആരോപിച്ചു.
സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലില്‍ ഈ നിമിഷം വരെ പ്രധാനമന്ത്രിയോ മറ്റ് ഉന്നതരോ പ്രതികരിക്കാത്തത് ലജ്ജാവഹമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ നിശബ്ദത തുടരുന്നത് എന്തുകൊണ്ടാണെന്നും സുരക്ഷാ വീഴ്ച ഏറ്റുപറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും റഹീം ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസമാണ് സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തല്‍ നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്ന് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ആക്കാര്യം പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരിയും രംഗത്തെത്തി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണെന്നായിരുന്നു ശങ്കര്‍ റോയ് ചൗധരി പറഞ്ഞത്. ഇന്റലിജന്‍സ് വീഴ്ചയിലുള്ള ഉത്തരവാദിത്തം ദേശീയ സുരക്ഷാ ഏജന്‍സിക്കാണെന്നും മുന്‍ കരസേന മേധാവി ആരോപിച്ചിരുന്നു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോറയില്‍ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ 49 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ദേശീയപാത 44 ല്‍ അവന്തിപുരയ്ക്കടുത്ത് സ്ഫോടന വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറി. ഉഗ്രസ്ഫോടനത്തില്‍ ബസ് ചിന്നിച്ചിതറി. നാല്‍പത്തിയൊന്‍പത് സൈനികര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here