വയനാടിനോടും കേരളത്തോടും കേന്ദ്ര സർക്കാർ കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണനയും അനീതിയുമെന്ന് എഎ റഹീം എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചപ്പോൾ ചിത്രമെടുത്ത നൈസയെന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ സമീപനത്തെ വിമർശിച്ചത്.
നൈസ പ്രധാനമന്ത്രിയുടെ ക്രൂരമായ അവഗണനയുടെ പ്രതീകമാണെന്നും ലോകം മുഴുവൻ ഏറെ സ്നേഹാദരങ്ങളോടെ കണ്ട ഫോട്ടോയ്ക്ക് പ്രധാനമന്ത്രി അല്പംപോലും മൂല്യം കൽപ്പിച്ചില്ല എന്നാണ് കേരളം ഇപ്പോൾ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മോദി ചിത്രമെടുത്ത നൈസയുടെ കുടുംബവും വയനാട്ടിൽ കേന്ദ്രസർക്കാരിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ മനുഷ്യ ചങ്ങലയിൽ കണ്ണികളായി എന്നും ഈ പ്രതിഷേധം എങ്കിലും കേന്ദ്രസർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
എഎ റഹീമിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
നൈസ മോൾ ഒരു പ്രതീകമാണ്.
പ്രധാനമന്ത്രിയുടെ ക്രൂരമായ അവഗണനയുടെ പ്രതീകം!.
പ്രിയപ്പെട്ട പ്രധാനമന്ത്രി നൈസ മോളെ ഓർമ്മ കാണുമല്ലോ. ദുരന്തത്തിന് പിന്നാലെ വയനാട്ടിൽ അങ്ങ് എത്തിയപ്പോൾ ക്യാമറയ്ക്ക് മുന്നിൽ ഏറെ വാത്സല്യത്തോടെ എടുത്ത മൂന്ന് വയസ്സുകാരി .
ലോകം മുഴുവൻ ഏറെ സ്നേഹാദരങ്ങളോടെ കണ്ട ആ ഫോട്ടോയ്ക്ക് അങ്ങ് അല്പംപോലും മൂല്യം കൽപ്പിച്ചില്ല എന്നാണ് കേരളം ഇപ്പോൾ മനസ്സിലാക്കുന്നത്.കേവലമായ ഫോട്ടോ ഷൂട്ടിന്റെ സാധ്യത മാത്രമായിരുന്നു ഈ കുഞ്ഞുമുഖം.വയനാടിനോടും കേരളത്തോടും കേന്ദ്ര സർക്കാർ കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണന,അനീതി.
ഇന്ന് ആ നൈസ മോളും കുടുംബവും വയനാട്ടിൽ കേന്ദ്രസർക്കാരിനെതിരായ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മനുഷ്യ ചങ്ങലയിൽ കണ്ണികളായി.
ഈ പ്രതിഷേധം എങ്കിലും അങ്ങയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് മാറ്റത്തിന് കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here