കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ഏറ്റവും നിർണായകമായ തെളിവ് ഒരു യാത്രക്കാരി എടുത്ത ചിത്രമാണ്. ബബിത എന്ന യാത്രക്കാരി അസാധാരണമായ സാഹചര്യത്തിൽ ഒരു കുട്ടിയെ കണ്ടപ്പോൾ ആദ്യം ഫോട്ടോ എടുക്കാൻ തീരുമാനിച്ചു. ഒറ്റയ്ക്ക് ഏങ്ങി കരയുന്ന ഒരു കുട്ടി ട്രെയിനിൽ സഞ്ചരിക്കുന്നു എന്നതിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് ബബിതയ്ക്ക് തോന്നിയിരുന്നു. ‘കണ്ടപ്പോൾ എന്തോ പ്രശ്നം തോന്നി, നമ്മുടെ ഭാഷയല്ലെന്ന് കരുതിയാണ് സംസാരിക്കാത്തത്. കൈയിൽ 40 രൂപ ചുരുട്ടിപ്പിടിച്ചിരുന്നതും ശ്രദ്ധിച്ചു.
കാണാതായ കുട്ടിയാണെന്നറിഞ്ഞെങ്കിൽ അപ്പോൾ തന്നെ വിവരം നൽകിയേനെ. വീട്ടിൽ വന്നശേഷം വാർത്തകൾ കാണുമ്പോഴാണ് കാണാതായ കുറ്റിയതാണെന്നു മനസിലാകുന്നത്. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു’ – ബബിത പറയുന്നു. എന്ത് അപകടവും സംഭവിച്ചേക്കാമായിരുന്ന ഒരു കുട്ടിയെ സുരക്ഷിതമായ കൈകളിലെത്തിക്കാൻ ഭാഗമായി എണ്ണത്തിലുള്ള ചാരിതാർഥ്യവും ബബിത അറിയിച്ചു. അതിനു പിന്നാലെയാണ് ബബിതക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്ത് വന്നത്. ബബിത ഒരു മാതൃകയാണെന്ന് എ എ റഹിം എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Also Read: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഐഎം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു മുൻ ധാരണയും ഇല്ലാതെ തന്നെ ബബിതയ്ക്ക് ആ കുട്ടിയുടെ ചിത്രം പകർത്താൻ തോന്നിയത് എത്ര നന്നായി.അരികിൽ ഉള്ളവരെ ശ്രദ്ധിക്കാൻ ബബിതയ്ക്കുണ്ടായ മനസ്സാണ് ഫോട്ടോ പകർത്താൻ കാരണമായത് എന്ന് കരുതുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ മകൾ അനേകം ദൂരം യാത്ര ചെയ്തതിനിടയിൽ ഒട്ടേറെ യാത്രക്കാർ അവൾക്ക് ഒപ്പം സഞ്ചരിച്ചിട്ടുണ്ട്.പക്ഷേ മറ്റാർക്കും തോന്നാത്ത,അന്യനെ സഹാനുഭൂതിയോടെ പരിഗണിക്കാനുള്ള മനസ്സാണ് അവൾക്ക് നേരെ ക്യാമറ ക്ലിക്ക് ചെയ്യാൻ ബബിതയെ പ്രേരിപ്പിച്ചത്.
സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് നമ്മൾ എല്ലാവരും മാധ്യമങ്ങളാണ്.നല്ലതിനായി നമുക്ക് ആ സാധ്യതകൾ ഉപയോഗിക്കാം.ബബിത നല്ല മാതൃകയാണ്.ബബിതയെ ഫോണിൽ വിളിച്ചിരുന്നു.അഭിനന്ദനം അറിയിച്ചു❤️
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here