തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങൾ പാട്ടിലൂടെ വെളിപ്പെടുത്തിയതിന് സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ഗായിക ഗൗരി ലക്ഷ്‌മിക്ക് പിന്തുണയുമായി എ എ റഹീം എംപി രംഗത്ത്. ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് പാട്ടിലൂടെ പറഞ്ഞതെന്ന് വെളിപ്പെടുത്തിയപ്പോൾ തെറി വിളിക്കുന്ന ആൾക്കൂട്ടം അപകടകരമാണെന്ന് എം പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണെന്നും, ഗൗരിക്ക് ഐക്യദാർഢ്യമെന്നും എം പി കുറിച്ചു.
ALSO READ: തെലങ്കാനയിൽ സർക്കാർ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’ എന്ന് തുടങ്ങുന്ന മുറിവ് എന്ന പേരിലുള്ള പാട്ട് ഏറെ നാളുകൾക്ക് മുൻപ് ഗൗരി പാടി പല വേദികളിൽ അവതരിപ്പിച്ചതാണ്. എന്നാൽ അടുത്തിടെയാണ് ആ പാട്ടിലെ വരികൾ ഉപയോഗിച്ച് ഗായികക്കെതിരെ സൈബർ ആക്രമണം ശക്തമായത്. തന്റെ അനുഭവം തന്നെയാണ് ആ പാട്ടിലെ വരികളിൽ ഉള്ളതെന്ന് ഒരു അഭിമുഖത്തിൽ ഗൗരി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാകട്ടെ സൈബർ ആക്രമണം അധികരിക്കുകയും ചെയ്‌തു. കുഞ്ഞുനാളിൽ ബസിൽ വെച്ചുണ്ടായ ദുരനുഭവമാണ് ഗൗരി ലക്ഷ്മി പാട്ടാക്കി മാറ്റിയത്.
ഗൗരി ലക്ഷ്‌മിയുടെ വാക്കുകൾ
എട്ടുവയസിലോ പത്തുവയസിലോ എക്സപീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ഞാന്‍ ഇട്ട വസ്ത്രം പോലും എനിക്കോര്‍മയുണ്ട്. മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത് അല്ല.
അന്ന് ഇട്ട ഡ്രസ് പോലും എനിക്ക് ഓര്‍മ്മയുണ്ട്. ചുവപ്പും വെള്ളയും നീലയും ഉള്ള പാവടയും സ്ലീവ്ലെസായ മഞ്ഞയും ചുവപ്പ് ഉള്ള ടോപ്പുമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിര്‍ത്തിയത്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്.
എ എ റഹീം എംപിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’…
ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.
ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്.
ഗൗരിക്ക് ഐക്യദാർഢ്യം..!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here