ലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. ഏകദേശം 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) വിലമതിക്കുന്ന പ്രതിമയാണ് മോഷണം പോയത്. 250 പൗണ്ട് (114 കിലോഗ്രാം) വരുന്നതാണ് ഈ വെങ്കല ശിൽപം. സെപ്റ്റംബർ 18 ന് പുലർച്ചെ 3:45 ഓടെയാണ് മോഷണം പോയതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് പറയുന്നു.
also read :മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് കിട്ടിയ പണി; വീഡിയോ
ഏകദേശം 4 അടി ഉയരമുള്ള, കിരീടധാരിയായ പ്രഭാവലയമുള്ള ഇരിക്കുന്ന ബുദ്ധന്‍റെ ഈ അപൂർവ പുരാവസ്തു ജപ്പാനിലെ എഡോ കാലഘട്ടത്തിൽ (1603-1867) നിര്‍മ്മിക്കപ്പെട്ടാണ്. പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് മാറ്റുന്നതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വെറും 25 മിനിറ്റിനുള്ളില്‍ പ്രതിമയുമായി മോഷ്ടാവ് കടന്നു. ഇത്രയും ഭാരമുള്ള പ്രതിമ ഒരാള്‍ ഒറ്റയ്ക്ക് മോഷ്ടിച്ചതെങ്ങനെയെന്ന അങ്കലാപ്പിലാണ് അധികൃതര്‍.
ഗാലറിയുടെ വെബ് സൈറ്റില്‍ പ്രതിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, ‘ഈ വെങ്കല ശിൽപം ഒരു കാലത്ത് ഒരു ക്ഷേത്രത്തിന്‍റെ ഏറ്റവും പ്രധാന സ്ഥലത്ത് ഉണ്ടായിരുന്നിരിക്കാം. ലിഖിതത്തിൽ നിന്നും വ്യക്തമാകുന്നത്, ഈ ശില്പം ഒരിക്കൽ യുഡോ-നോ-സാൻ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കാമെന്നാണ്. തളർന്ന തീർഥാടകർ മലകയറാൻ പാടുപെടുന്നത് സാധാരണമാണ്. ഈ ശിൽപത്തിൽ നിന്ന് അവരുടെ ഊർജ്ജം പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നു. വജ്രമുദ്രയിൽ, ഇടതുകൈയുടെ ചൂണ്ടുവിരൽ വലതുവശത്തെ അഞ്ച് വിരലുകളാൽ ബന്ധിച്ചിരിക്കുന്നു. ഇത് “ആറ് മൂലക മുദ്ര” അല്ലെങ്കിൽ “ജ്ഞാനത്തിന്‍റെ മുഷ്ടി” എന്ന് അറിയപ്പെടുന്നു, കാരണം ഇത് അഞ്ച് ലൗകിക ഘടകങ്ങളുടെ (ഭൂമി, വെള്ളം, അഗ്നി, വായു, ലോഹം) ആത്മീയ ബോധത്തോടുകൂടിയ ഐക്യത്തെ കാണിക്കുന്നു,’
ഗാലറിയുടെ പുറത്തായിരുന്നു ഈ വെങ്കല ശില്പം സ്ഥാപിച്ചിരുന്നത്. ‘എല്ലാവര്‍ക്കും ആസ്വദിക്കാന്‍ വേണ്ടിയാണ് താനത് ഗാലറിയുടെ മുറ്റത്ത് സ്ഥാപിച്ചതെന്ന്’ ഗാലറി ഉടമ ഫയീസ് ബറകത്ത് കെടിഎൽഎയോട് പറഞ്ഞു. മോഷണം ആസൂത്രിതമായി നടന്നതാണെന്ന് താൻ വിശ്വസിക്കുന്നതായും ബറകത്ത് കൂട്ടിച്ചേർത്തു. ‘ഇതുപോലൊന്ന് വിപണിയിൽ എവിടെയും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നാല് അടി ഉയരമുള്ള പ്രതിമ പൊള്ളയായ കാസ്റ്റ് വെങ്കലമാണ്. ഇത് അതിശയിപ്പിക്കുന്ന ഒന്നാണത്. ഇതുപോലൊന്ന് കാണാതാവുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.’ ഗാലറിയുടെ ഡയറക്ടർ പോൾ ഹെൻഡേഴ്സൺ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here