“ഓഹ്! ഒരു കണ്ണല്ലേ, അത് എലി വല്ലതും കൊണ്ടുപോയതാവും…”; ബിഹാറിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ് നഷ്ടപ്പെട്ടതിൽ ആശുപത്രിയുടെ വിചിത്ര വിശദീകരണം

ബിഹാറിലെ പട്‌നയില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായെന്ന് പരാതി. പട്‌ന സ്വദേശിയായ ഫാന്തുസ് കുമാര്‍ എന്നയാളുടെ മൃതദേഹത്തില്‍ നിന്ന് ഇടതുകണ്ണ് നഷ്ടമായതായാണ് പരാതി. ബന്ധുക്കൾ നൽകിയ പരാതിക്ക് കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയത്. അതേസമയം, അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തില്‍നിന്ന് കണ്ണ് നീക്കം ചെയ്തതെന്നും, ഇതിനുപിന്നിൽ ആശുപത്രി അധികൃതർ തന്നെയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

വയറിന് വെടിയേറ്റ നിലയിലായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ചയോടെ ഫാന്തുസ് കുമാറിനെ പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന ഇയാൾ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയും ചെയ്‌തു. മരണശേഷം മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം സംസ്കരിക്കുന്നതിനായി കുടുംബം എത്തിയപ്പോഴാണ് മൃതദേഹത്തില്‍ ഇടതുകണ്ണില്ലെന്ന കാര്യം അറിയുന്നത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി.

ആശുപത്രി അധികൃതർ തന്നെ മൃതദേഹത്തില്‍നിന്ന് കണ്ണ് നീക്കം ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുമാറിനെ ആക്രമിച്ചവരുമായി ചേര്‍ന്ന് ആശുപത്രിയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ബാക്കിയായാണ് ഇത്തരം സംഭവമുണ്ടായതെന്നും കുടുംബം ആരോപിച്ചു. അല്ലെങ്കില്‍ ആശുപത്രിയിലെ ചിലര്‍ക്ക് അവയവമാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുണ്ടെന്നനും ഇവര്‍ ആരോപിച്ചു. അതേസമയം, ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചത്. മൃതദേഹത്തിന്റെ കണ്ണ് നഷ്ടമായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News