മുംബൈ അന്ധേരിയില്‍ വൃദ്ധയുടെ കാല്‍മുട്ട് ശസ്ത്രക്രിയ വീട്ടിലെത്തി ചെയ്തുനൽകി വ്യാജ ഡോക്ടര്‍. ശസ്ത്രക്രിയക്ക് ശേഷം ഫീസായി തന്റെ കയ്യില്‍നിന്ന് 7.20 ലക്ഷം രൂപ വാങ്ങിയതായി വയോധിക. വ്യാജ ഡോക്ടറേയും സഹായിയേയും തെരഞ്ഞ് പൊലീസ് അന്വേഷണമാരംഭിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് സംഭവം നടന്നത്.
സംഭവത്തിൽ സഫര്‍ മെര്‍ച്ചന്റ്, വിനോദ് ഗോയല്‍ എന്നീ ആളുകൾക്കെതിരെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അന്ധേരിയില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു പരാതിക്കാരി. പ്രായമായ അമ്മയും ഇവരോടൊപ്പമുണ്ട്. 2021 ഒക്ടോബര്‍ 22-ന് പരാതിക്കാരിയുടെ അമ്മ ദന്ത പരിശോധനയ്ക്ക് പോയപ്പോൾ ക്ലിനിക്കിൽ വെച്ച് പരിചയപ്പെട്ടതായിരുന്നു വിനോദ് ഗോയൽ എന്നയാളെ. ഇവിടെ വെച്ച് ഗോയലിനോട് ഇവര്‍ തന്റെ കാല്‍മുട്ട് വേദനയേക്കുറിച്ച് പറയുകയായിരുന്നു.
തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറുണ്ടെന്നുപറഞ്ഞ് ഇവരെ സഫര്‍ മെര്‍ച്ചന്റിനടുത്തേക്ക് പറഞ്ഞുവിട്ടത് വിനോദ് ഗോയലാണ്. തന്റെ അമ്മയുടെ മുട്ടുവേദന മാറ്റിയത് ഇയാളാണെന്നും വീട്ടിൽ വന്ന് സര്‍ജറി നടത്തിയെന്നും ഗോയല്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു, പൊലീസ് വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ വിനോദ് ഗോയലിൽ നിന്ന് ലഭിച്ച നമ്പറില്‍ അമ്മ വിളിക്കുകയും സഫറുമായി സംസാരിക്കുകയും ചെയ്തു. താനെയില്‍ നിന്നുള്ളയാളാണെന്നാണ് സഫര്‍ ഇവരോട് പറഞ്ഞത്. ഇവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഇയാള്‍ വൃദ്ധയുടെ അന്ധേരിയിലെ വീട്ടിലെത്തുകയും ശസ്ത്രക്രിയയാണെന്ന വ്യാജേന ഇവരുടെ കാലിൽ മുറിവുണ്ടാക്കി. മഞ്ഞളാണ് മരുന്നെന്ന പേരിൽ മുറിവില്‍ പുരട്ടിയത്. ശേഷം എല്ലാം ശരിയായെന്നും ശസ്ത്രക്രിയ വിജയമാണെന്നും പറഞ്ഞ് 7.2 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ കൈമാറ്റം സാധിക്കാതിരുന്നതിനാല്‍ പണമായി ഫീസ് നല്‍കി.
എന്നാല്‍ ഇതിനുശേഷവും മുട്ടുവേദന മാറിയില്ല, ഇതാണ് പരാതിക്കാരിയില്‍ സംശയമുണ്ടാക്കിയത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ സഫറിനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഗോയലിനെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല ഇവരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാതെയുമായി.
Also Read; തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം; ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ
ഇതിനിടെ കുടുംബത്തില്‍ രണ്ട് മരണങ്ങള്‍ നടന്നതിനാല്‍ രണ്ട് സ്ത്രീകൾക്കും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പോവാനായില്ല. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രായമായ പൗരന്മാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാള്‍ക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിനെതിരെ കേസ് എടുക്കുന്നതിനെക്കുറിച്ചുള്ള പത്രവാര്‍ത്ത പരാതിക്കാരിയുടെയും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ പരാതിക്കാരിയുടെ വീട്ടുകാര്‍ ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് സഫറിനും ഗോയലിനുമെതിരെ കേസെടുത്തിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here