കോഴിക്കൂടിനുള്ളില്‍ കുടുങ്ങിയ ഒരു കാക്കയെ രക്ഷപ്പെടുത്തി പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ പോരൂര്‍ പൂത്രക്കോവ് പള്ളിക്കുന്ന് കിഴക്കുവീട്ടില്‍ ശ്രീധരന്റെ കുടുംബം. കാക്കയെ രക്ഷപ്പെടുത്തിയ സംഭവത്തിനു ശേഷം കഴിഞ്ഞ രണ്ടുമാസമായി വീട്ടില്‍ ‘കാക്കക്കലി’യാണ്. വീട്ടില്‍ നിന്നും സ്ഥിരമായി പല വസ്തുക്കളും കാണാതായതോടെ ‘കള്ളനെ’ പൊക്കാന്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണമാണ് കാക്കകളില്‍ എത്തിയത്. ശ്രീധരന്റെ ഭാര്യയും അങ്കണവാടി അധ്യാപികയുമായ സരസ്വതിയുടെ കണ്ണട കാക്ക കൊത്തിക്കൊണ്ടുപോയി പൊട്ടിച്ച് അടുത്ത പറമ്പിലിട്ടു. ഇത് വീട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിനു പിന്നിലെ കാക്ക കളികളെക്കുറിച്ച് വീട്ടുകാര്‍ മനസ്സിലാക്കുന്നത്. പിന്നീട് വീട്ടുകാര്‍ വീട്ടില്‍ നടക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. ഇതോടെ വീട്ടിലെ വസ്ത്രങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും ചെറിയ പാത്രങ്ങളുമൊക്കെ കാക്കകള്‍ നശിപ്പിക്കുന്നതായി കണ്ടെത്തി. വീട്ടില്‍ എന്തെങ്കിലും കാണാതെ പോയാല്‍ അത് അടുത്തപറമ്പില്‍ പോയി തിരയേണ്ട അവസ്ഥയാണിപ്പോള്‍. രണ്ട് കാക്കകളാണ് സ്ഥിരം വില്ലന്‍മാര്‍.
വീടിന്റെ പുറത്ത് എന്തു വെച്ചാലും അതിവര്‍ നശിപ്പിക്കും. വിരിച്ചിട്ടിരിക്കുന്ന തുണികള്‍ കൊത്തിക്കീറുക, അയയില്‍ ഇടുന്ന തോര്‍ത്തും നൈറ്റിയും ഷര്‍ട്ടുമൊക്കെ കൊത്തിക്കൊണ്ടു പോകുക തുടങ്ങിയ ഹോബികളാണ് കാക്കകള്‍ക്കിപ്പോള്‍ ഉള്ളത്. എന്തായാലും കാക്കകളുണ്ടാക്കുന്ന നഷ്ടം 50,000 രൂപ കടന്നപ്പോള്‍ വീട്ടുകാര്‍ പഞ്ചായത്തില്‍ പരാതി കൊടുത്തു. കാക്കകളെ പിടികൂടാന്‍ നിലവില്‍ പഞ്ചായത്ത് ചട്ടങ്ങളില്‍ ‘വകുപ്പി’ല്ലാത്തതിനാല്‍ അവരും കൈമലര്‍ത്തി. ഇതോടെ വീട്ടുകാര്‍ക്ക് തങ്ങള്‍ ട്രാപ്പിലാണെന്ന് മനസ്സിലായി. വാതിലോ, ജനലോ തുറന്നിട്ടാല്‍ വീടിനുള്ളിലേക്കും യാതൊരു മടിയുമില്ലാതെ കാക്കകളെത്തും. സാധനങ്ങള്‍ പലതും നശിപ്പിക്കും. ഇതില്‍ നിന്നും രക്ഷനേടാനായി വാതിലും ജനലും സ്ഥിരമായി അടച്ചിടാന്‍ തുടങ്ങിയപ്പോള്‍ ദാ വരുന്നു എയര്‍ഹോളിനുള്ളിലൂടെ കാക്കകള്‍! ഒടുവില്‍ തടി രക്ഷിക്കാനായി എല്ലായിടത്തും വീട്ടുകാര്‍ വലയിട്ടു. എന്നാല്‍ കാക്കകളും വിട്ടില്ല, അടുക്കള ഭാഗത്തിട്ട വലകളെല്ലാം കാക്കകള്‍ നശിപ്പിച്ചു. ഏതിലും രക്ഷയില്ലെന്ന അവസ്ഥയെത്തിയതോടെ വീട്ടിലെ കാക്ക കയറുന്ന ഭാഗങ്ങളിലെല്ലാം ഇരുമ്പുഗ്രില്ലിട്ട് തങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്താനുള്ള അറ്റകൈ പ്രയോഗത്തിനൊരുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. ഇതിനായുള്ള പണികള്‍ തുടങ്ങിക്കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here