അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. വാഴച്ചാൽ വനം ഡിവിഷനിൽ ഉൾപ്പെട്ട കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വനംവാച്ചർ ഇരുമ്പൻ കുമാരൻ (55) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു വാച്ചറായ സുനിലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരപ്പിള്ളി പെരിങ്ങൽ കുത്ത് കാടർ ഗിരിജൻ കോളനി നിവാസിയും ഫോറസ്റ്റ് വാച്ചറുമായ ഇരുമ്പൻ കുമാരൻ ആണ് ശനിയാഴ്ച വൈകിട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുമാരൻ ഉൾപ്പെടെ മൂന്നുപേർ ഉൾകാട്ടിൽ പോയി മടങ്ങി വരുമ്പോൾ വൈകിട്ട് നാലുമണിയോടെ ഊളശ്ശേരി ഭാഗത്ത് വെച്ചാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. ഈറ്റകാട്ടിനുള്ളിൽ നിന്നിരുന്ന ആന ഇവർക്ക് ഓടി മാറാൻ കഴിയുന്നതിനു മുൻപെ തുമ്പികൈ കൊണ്ട് അടിച്ചു. അടികൊണ്ട കുമാരന് പാറകല്ലിൽ തെറിച്ചു വീണാണ് ഗുരുതരമായി പരുക്കേറ്റത്.
എട്ട് വർഷം മുൻപ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുള്ള ആളാണ് കുമാരൻ. അതിനാൽ വേഗത്തിൽ ഓടിമാറാനും സാധിച്ചില്ല. കുമാരനെ ഗുരുതര പരുക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ കൂടിയയായ സുനിൽ ഒറ്റയാനു മുന്നിൽ നിന്ന് നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ ഒപ്പമുണ്ടായിരുന്ന പ്രദേശവാസിയായ സനലും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വനപാലകർ എട്ട് കിലോമീറ്ററോളം ഉൾകാട്ടിൽ പോയാണ് പരുക്കേറ്റ കുമാരനെ കുപ്പി കല്ല് ഭാഗത്ത് കൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. വാഴച്ചാൽ വനം ഡിവിഷനിലെ കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷൻ വാച്ചറാണ് കുമാരൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here