തമിഴ്നാട് ടൂറിസം വകുപ്പിൻ്റെ ഫെസ്റ്റിനോടനുബന്ധിച്ച് പൊള്ളാച്ചിയിൽ നിന്നും പറത്തിയ ഭീമൻ ബലൂൺ ഇന്ധനം തീർന്നതിനെ തുടർന്ന് പാലക്കാട് ഇടിച്ചിറക്കി. ഇന്നു രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കന്നിമാരി മുള്ളൻതോട്ടിലെ പാടത്തിലേക്കാണ് ബലൂൺ അടിയന്തരമായി ഇടിച്ചിറക്കിയത്.
പൊള്ളാച്ചിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം പിന്നിട്ടിരുന്ന ബലൂണിൽ തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ 2 മക്കളും പറക്കൽ നിയന്ത്രിക്കുന്ന 2 പേരുമായിരുന്നു ഉണ്ടായിരുന്നത്.
ഇവരെ സുരക്ഷിതമായി താഴേക്ക് ഇറക്കി. പാടത്തിൻ്റെ ഉടമ വേലായുധൻ കുട്ടിയുടെ നേതൃത്വത്തിലാണ് ഇവരെ ബലൂണിൽ നിന്നും ഇറക്കിയത്. ഇതിനിടെ സംഭവം അറിഞ്ഞ കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി ബലൂൺ തിരിച്ചുപറത്താൻ ശ്രമിച്ചെങ്കിലും ഈ ശ്രമം ഫലം കണ്ടില്ല.
തുടർന്ന് പാടത്തിറക്കിയ ബലൂൺ സംഘം ചുരുട്ടിയെടുക്കുകയും ബലൂണിലെ യാത്രികരെ പൊള്ളാച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൃഷി നശിച്ചാലും ബലൂണിലെ യാത്രികരെ സുരക്ഷിതമായി ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് വേലായുധൻകുട്ടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here