പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തൊരുക്കിയ കൂറ്റന്‍ പാപ്പാഞ്ഞി അനാഛാദനം ചെയ്തു. പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്കു പുറമെയാണ് മറ്റൊരു കൂറ്റന്‍ പാപ്പാഞ്ഞികൂടി അഗ്നിക്കിരയാകാന്‍ തയ്യാറെടുക്കുന്നത്. ഒരേ സമയം രണ്ട് പാപ്പാഞ്ഞികള്‍ കത്തിക്കേണ്ടെന്നും വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാറ്റണമെന്നുമാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തല്‍ക്കാലം മാറ്റേണ്ടതില്ലെന്നാണ് സംഘാടകരുടെ തീരുമാനം.
40 അടി പൊക്കത്തിലാണ് ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണയും പതിവുപോലെ പരേഡ് ഗ്രൗണ്ടില്‍ കൂറ്റന്‍ പാപ്പാഞ്ഞിയെ സജ്ജമാക്കുന്നുണ്ടെങ്കിലും ഇത്തവണ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷപ്പിറവി ആഘോഷിക്കാനാണ് ഗാലാ ഡി ഫോര്‍ട്ടുകൊച്ചിയെന്ന സാംസ്ക്കാരിക സംഘടനയുടെ തീരുമാനം. വര്‍ണ്ണപ്രഭയോടെ അണിയിച്ചൊരുക്കിയ കൂറ്റന്‍ പാപ്പാഞ്ഞിയുടെ അനാഛാദനം കെ ജെ മാക്സി എം എല്‍ എ നിര്‍വ്വഹിച്ചു.
ഒരേ സമയം രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാപ്രശ്നമുണ്ടാക്കുമെന്നും അതിനാല്‍ വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മാറ്റാന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല.എല്ലാ വര്‍ഷവും ഫോര്‍ട്ടുകൊച്ചിയില്‍ നൂറു കണക്കിന് പാപ്പാഞ്ഞിമാരെ കത്തിച്ച് ആഘോഷിക്കാറുണ്ടെന്നാണ് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്.പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ് കര്‍ശന നിലപാടെടുത്താല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കൗണ്‍സിലര്‍ ബെന്നി പറഞ്ഞു.
പരേഡ് മൈതാനത്ത് 31 ന് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷിയാകാന്‍ ലക്ഷക്കണക്കിന് പേരാണ് എത്താറുള്ളത്.സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസിനെ വിന്യസിക്കാറുമുണ്ട്.ഇത്തവണ രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു പാപ്പാഞ്ഞിയെക്കൂടി കത്തിച്ച് ആഘോഷിക്കുമ്പോള്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here