മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം.വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിൽ ഉണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്.
അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ സാബിർ ഷൈക്ക് , സാദഅലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ് , മിനാജുൽ ഷൈക്ക്, മനുവാർ ഹുസൈൻ , എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്നും നീക്കുന്ന മണൽ പുറംകടലിൽ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മണൽ നീക്കം നിലച്ചു.ഇതോടെയാണ് ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട ബാർജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here