റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രകറിൻ്റെ മൃതദേഹമാണ് കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച മുതലാണ് മുകേഷിനെ കാണാതായത്.
വിവിധ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളായിരുന്നു മുപ്പത്തിമൂന്നുകാരനായ മുകേഷ്. ബസ്‌തര്‍ ജംഗ്ഷന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇയാള്‍ നടത്തുന്നുണ്ട്. ഇതിന് 1.59 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്.
അടുത്തിടെ 120 കോടി രൂപ ചെലവിട്ട് ബസ്തറിൽ നടത്തുന്ന റോഡ് നിർമാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി അടുത്തിടെ മുകേഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വാർത്ത റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഭീഷണി ഫോൺകോളുകൾ ആദ്യഘട്ടത്തിൽ മുകേഷിന് വരുകയും തുടർന്ന് മുകേഷിനെ കാണാതാവുകയുമായിരുന്നു. മുകേഷിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ യുകേഷ് ചന്ദ്രകര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. തുടർന്ന് മുകേഷിന്‍റെ ഫോണ്‍ ട്രാക്ക് ചെയ്‌ത് പൊലീസ് കരാറുകാരനായ സുരേഷ് ചന്ദ്രകറിന്‍റെ ഉടമസ്ഥതയിലുള്ള ബിജാപ്പൂർ ചാത്തന്‍പാറ ബസ്‌തിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുള്ള പൊലീസ് ചോദ്യം ചെയ്യാനായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മുകേഷ് എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരില്‍ കരാറുകാരനുണ്ടോയെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ദു ദേവ് സായ് പറഞ്ഞു. മുകേഷ് ചന്ദ്രകറിന്‍റെ മരണം വളരെ ഹൃദയഭേദകമാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ പങ്കിട്ട കുറിപ്പിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here