നഷ്ടമായത് കമ്മ്യൂണിസ്റ്റ് സംഘാടകനെയും നേതാവിനെയും; എം ചന്ദ്രന്റെ മരണത്തില്‍ അനുശോചിച്ച് എ കെ ബാലന്‍

മികച്ച ഒരു കമ്മ്യൂണിസ്റ്റ് സംഘാടകനെയും നേതാവിനെയുമാണ് സഖാവ് എം ചന്ദ്രന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് എ കെ ബാലന്‍. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിച്ച സഖാക്കളില്‍ ഒരാളാണ് ചന്ദ്രനെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മികച്ച ഒരു കമ്മ്യൂണിസ്റ്റ് സംഘാടകനെയും നേതാവിനെയുമാണ് സഖാവ് എം ചന്ദ്രന്റെ വിയോഗത്തോടെ നഷ്ടമായത്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിച്ച സഖാക്കളില്‍ ഒരാളാണ് ചന്ദ്രന്‍.
1980ല്‍ ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ എത്തിയ കാലം മുതലാണ് ചന്ദ്രനുമായി ഞാന്‍ അടുത്ത് ഇടപഴകുന്നത്. പിന്നീട് എന്നെ പാലക്കാട് ജില്ലയിലെ പാര്‍ട്ടി സംഘടനാ രംഗത്ത് നിലനിര്‍ത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും ചന്ദ്രന്റെ ഇടപെടല്‍ എനിക്ക് മറക്കാന്‍ കഴിയില്ല. ചന്ദ്രനില്‍ നിക്ഷിപ്തമായ സംഘടനാ ശേഷിയെ അക്കാലത്ത് തിരിച്ചറിയാന്‍ കഴിഞ്ഞു. നിരവധി നിര്‍ണായകമായ ഘട്ടങ്ങളില്‍ സഖാവ് ചന്ദ്രന്റെ സംഘടനാ ശേഷിയാണ്, കഴിവാണ്, പാലക്കാട് ജില്ലയിലെ പ്രസ്ഥാനത്തെ നിലനിര്‍ത്തിയതിന്റെയും ശക്തിപ്പെടുത്തിയതിന്റെയും പ്രധാന കാരണം. സംഘടനാ പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ അത് പരിഹരിക്കാന്‍ ചന്ദ്രന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പഴയ ഓഫീസ് മന്ദിരമായ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകം അസൗകര്യങ്ങള്‍ നിറഞ്ഞതും സ്ഥലപരിമിതിയുള്ളതുമായിരുന്നു. അവിടെ ഞങ്ങള്‍ ഒന്നിച്ച് ഏറെക്കാലം കഞ്ഞിയും കുടിച്ച് താമസിച്ചത് ഓര്‍ക്കുകയാണ്. അന്ന് ആദ്യം വരുന്നവര്‍ക്ക് ബെഞ്ചില്‍ കിടന്നുറങ്ങാം. വൈകിയാല്‍ ബഞ്ച് കിട്ടില്ല. അതായിരുന്നു അവസ്ഥ. അവിടെ നിന്നാണ് കുറെക്കൂടി സൗകര്യപ്രദമായ ഒരു ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരം നിര്‍മ്മിക്കണമെന്ന് ചന്ദ്രന്‍ ഉറച്ച തീരുമാനമെടുത്തത്. രണ്ടുനില കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി അത് നിര്‍വഹിക്കുകയും ചെയ്തു. ചന്ദ്രന്റെ ദൃഢനിശ്ചയമില്ലായിരുന്നെങ്കില്‍ അന്ന് ആ പുതിയ ഓഫീസ് മന്ദിരം ഉണ്ടാകുമായിരുന്നില്ല.
അടിയുറച്ച സ്‌നേഹബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രോഗത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ കുടുംബസഹിതം ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോയി. രോഗത്തിന്റെ ഒരു ലക്ഷണവും കാട്ടാതെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചതും സൗഹൃദം പങ്കുവെച്ചതും. പിന്നീട് ഇടവിട്ടിടവിട്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ഇടപെടലും ഉണ്ടായിരുന്നു.
പാര്‍ട്ടി തൃത്താല ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, കര്‍ഷക സംഘത്തിന്റെ ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ ചന്ദ്രന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു.
ഇത്ര പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ ഒരു നഷ്ടം തന്നെയാണ്. എന്ത് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും തുറന്നു സംസാരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം.
സ. ചന്ദ്രന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News