രാഹുൽ ഗാന്ധിയുടെ ഈ ഗതികേടിന് കാരണം കോൺഗ്രസ്സ് തന്നെ; എ കെ ബാലൻ

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കുകയും ലോക്‌സഭാ അംഗത്വം റദ്ദ്‌ ചെയ്യുന്നതിലേക്ക്‌ നയിക്കുകയും ചെയ്‌ത കോടതിവിധി കോണ്‍ഗ്രസ്‌ ചോദിച്ചു വാങ്ങിയത് എന്ന് മുൻ മന്ത്രി എ കെ ബാലൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഹുൽ ഗാന്ധി വിഷയത്തിൽ കോൺഗ്രസ്സുകാർക്കെതിരെ ആഞ്ഞടിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കുകയും ലോക്‌സഭാ അംഗത്വം റദ്ദ്‌ ചെയ്യുന്നതിലേക്ക്‌ നയിക്കുകയും ചെയ്‌ത കോടതിവിധി കോണ്‍ഗ്രസ്‌ ചോദിച്ചു വാങ്ങിയത്. വേണ്ടത്ര ജാഗ്രതയും ഗൗരവവും സൂറത്തിലെ ഈ കേസിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ്‌ നേതൃത്വം കാണിച്ചിട്ടില്ല. നിയമപരമായി നിലനില്‍ക്കാത്ത ഒരു എഫ്‌.ഐ.ആര്‍ ആണ്‌ ഈ കേസിന്റെ അടിസ്ഥാനം എന്ന്‌ കോടതിയെ ധരിപ്പിക്കാന്‍ സാധിക്കുമായിരുന്നു. വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകാമായിരുന്നു. അതു ചെയ്‌തില്ല.
കേസിന്‌ ആധാരമായ സംഭവം നടന്നത്‌ കര്‍ണാടകയിലാണ്‌. എന്നാല്‍ ഗുജറാത്തിലാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. ഫയല്‍ ചെയ്‌ത ആളെ അപമാനിച്ചിട്ടില്ല. മോദിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറ്റൊരാളല്ല പരാതി കൊടുക്കേണ്ടത്‌. ഇത്‌ കോടതിയെ ധരിപ്പിക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട നിയമ കേന്ദ്രങ്ങളില്‍ നിന്ന്‌ സഹായം തേടിയില്ല.
വിധി വന്നാല്‍ തൊട്ടടുത്ത ദിവസം തൊട്ടടുത്ത അപ്പീല്‍ കോടതിയില്‍ വിധിയും ശിക്ഷയും സ്റ്റേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതായിരുന്നു, അതും ചെയ്‌തില്ല. പകരം ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ, എവിടെയാണ്‌ പോകേണ്ടത്‌ എന്നത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ തന്നെ സംശയം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നുപോലും സംശയിക്കേണ്ടതാണ്‌.
2008 ല്‍ ഞാൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഒറ്റപ്പാലം കോടതി രണ്ടര വര്‍ഷം എന്നെ ശിക്ഷിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പാലക്കാട്‌ സെഷന്‍സ്‌ കോടതിയില്‍ ശിക്ഷയും വിധിയും സ്റ്റേ ചെയ്യിപ്പിച്ചു. അന്ന്‌ അടിയന്തര പ്രമേയം കൊണ്ടുവന്ന്‌ വി.ഡി സതീശന്‍ ജനപ്രാതിനിധ്യ നിയമവും ഭരണഘടനയും ഉദ്ധരിച്ച്‌ നിയമസഭയില്‍ പറഞ്ഞത്‌, വിധി വന്ന ദിവസം തന്നെ എ.കെ.ബാലന്‍ രാജിവെക്കേണ്ടതായിരുന്നു എന്നാണ്‌. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള നോട്ടീസിന് സ്‌പീക്കര്‍ അനുമതി നല്‍കി. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്‌ നടന്നത്‌. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ രാജിവെക്കണം എന്ന്‌ ആദ്യമായി പറഞ്ഞത്‌ വി.ഡി സതീശനാണ്‌. ആ പറഞ്ഞതില്‍ വി.ഡി.സതീശന്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? ഇതിനെല്ലാം പെട്ടെന്ന്‌ തന്നെ ഫലം കിട്ടുന്നു എന്നാണ്‌ കാണുന്നത്‌.
കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവിനെ ഞാന്‍ വിളിച്ച്‌ വരാന്‍ പോകുന്ന അപകടത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അത്‌ ഒറ്റപ്പാലം കോടതിവിധിയുടെയും തുടര്‍ന്നുള്ള സംഭവങ്ങളുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ശിക്ഷയും വിധിയും സ്റ്റേ ചെയ്യിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മന്ത്രിസ്ഥാനവും നിയമസഭാ അംഗത്വവും നഷ്ടപ്പെടുമായിരുന്നു. അയോഗ്യതയും കല്‍പ്പിക്കപ്പെടുമായിരുന്നു.
സൂറത്ത്‌ കോടതി വിധി ഒരു മാസത്തേക്ക്‌ സ്റ്റേ ചെയ്‌ത കാര്യം ബഹുമാനപ്പെട്ട ലോക്‌സഭാ സ്‌പീക്കറെ പോലും യഥാസമയം അറിയിച്ചില്ല. സ്‌പീക്കറെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞാല്‍ എന്താണ്‌ ഫലമെന്ന്‌ അറിയാത്തവരല്ലല്ലോ കോണ്‍ഗ്രസ്‌ നേതാക്കള്‍.
രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പോകാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ്‌ എം.പിമാരോട്‌ ചോദിച്ചത്‌, പോലീസ്‌ തടഞ്ഞാല്‍ നിങ്ങള്‍ തിരിഞ്ഞോടുമോ എന്നാണ്‌. ഇതെല്ലാം മനസ്സിലാക്കി കൊണ്ടാണ്‌ സോണിയ ഗാന്ധി ഇത്‌ ചോദിച്ചത്‌. എന്നിട്ടും കോണ്‍ഗ്രസ്‌ എം.പിമാര്‍ മുങ്ങി. ഇടതുപക്ഷക്കാര്‍ ഉറച്ചുനിന്ന്‌ അറസ്റ്റ്‌ വരിച്ചു. മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിന്നു. ഇത്രയും നിര്‍ണായകമായ സമരത്തില്‍ നിന്നു പോലും ഒളിച്ചോടുന്ന കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്‌ സോണിയ ഗാന്ധി അങ്ങനെ പ്രതികരിച്ചത്‌. ഇടതുപക്ഷം എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. എടുക്കുന്ന തീരുമാനത്തിന്റെ വിശ്വാസ്യതയാണിത്‌. ഗൗരവത്തില്‍ ഈ കേസ്‌ കാണാത്തതും വീഴ്‌ച സംഭവിച്ചതും സംബന്ധിച്ച്‌ ഇനിയെങ്കിലും ഗൗരവമായി കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News