പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നുവന്ന വിഡി സതീശന്‍- ഷാഫി പറമ്പില്‍ ദ്വന്ദ്വത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഡീലിന്റെ ശക്തമായ തെളിവാണ് പുറത്തുവന്ന കത്ത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാകണമെന്ന പാലക്കാട്ടെ കോണ്‍ഗ്രസിന്റെയും അണികളുടെയും വികാരമാണ് ഷാഫിയുടെ പിന്തുടര്‍ച്ചാ വാശിയുടെ മുന്നില്‍ അട്ടിമറിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്ത് കൈരളി ന്യൂസ് പുറത്തുവിട്ടതോടെ എല്ലാ ഗൂഢതന്ത്രങ്ങളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തര്‍ക്കമില്ല എന്നും ഐകകണ്‌ഠേനയാണ് രാഹുല്‍ സ്ഥാനാര്‍ത്ഥി ആയതുമെന്ന വിഡി സതീശന്റെ വാദമാണ് ഇതോടെ ചീട്ടുകൊട്ടാരം കണക്കെ പൊളിഞ്ഞത്. ഇന്ന് വൈകിട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സതീശന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യംഗ്യമായി സൂചിപ്പിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്നാണ് സുധാകരന്‍ തുറന്നുസമ്മതിച്ചത്. കോണ്‍ഗ്രസിനെ ആപാദചൂഢം ഗ്രസിച്ച കുതികാല്‍ വെട്ടലിന്റെയും അവിശ്വാസ്യതയുടെയും മറ്റൊരു തെളിവായി ഇത് മാറിയെന്നതാണ് വാസ്തവം.
Read Also: കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്
ഈ മാസം 15ന് പാലക്കാട് ഡിസിസി നേതൃത്വത്തിന് സമര്‍പ്പിച്ച അഭ്യര്‍ഥനയാണ് നിരാകരിക്കപ്പെട്ടതും ഏകപക്ഷീയമായി രാഹുല്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് വരുന്നതും. ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി കെ മുരളീധരന്‍ ആണെന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമാണെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം കണക്കിലെടുത്ത് മുരളിയെ സ്ഥാനാര്‍ഥി ആക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എഐസിസി സംഘടന ചുമതലയുള്ള ജന സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. എന്നാല്‍, ഇങ്ങനെയൊരു കത്തേ ലഭിച്ചില്ലെന്നാണ് ദീപദാസ് മുന്‍ഷി അടക്കമുള്ള നേതാക്കള്‍ പറഞ്ഞത്. കത്തില്‍ തന്റെ ഒപ്പില്ല എന്ന വാദമുയര്‍ത്താന്‍ ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനും ശ്രമിച്ചു.
Read Also: രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയെന്ന് സമ്മതിച്ച് കെ സുധാകരൻ
എന്നാല്‍, എല്ലാ അവകാശവാദങ്ങളെയും പൊളിച്ചടുക്കുന്ന തരത്തില്‍ കത്ത് പൂര്‍ണരൂപത്തില്‍ കൈരളി ന്യൂസ് പുറത്തുവിട്ടു. എ തങ്കപ്പന്‍ ആണ് കത്തില്‍ ആദ്യം ഒപ്പിട്ടത്. തൊട്ടുപിന്നാലെ പാലക്കാട് എംപിയും മുന്‍ ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠനും ഒപ്പ് രേഖപ്പെടുത്തി. മുന്‍ ഡിസിസി അധ്യക്ഷന്മാരായ വിഎസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍
എന്നിവര്‍ക്ക് പുറമെ കെപിസിസി ജനറല്‍ സെക്രട്ടറി കെഎ തുളസിയും
കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ ഡിസിസിയിലെ നിരവധി നേതാക്കളും ഒപ്പുവച്ചു.
വടകര ലോക്‌സഭാ സ്ഥാനാര്‍ഥിയായി ഷാഫി പോയത്, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനുള്ള അവസരമൊരുക്കാനുള്ള ശ്രമമാണെന്ന വാദത്തെ ഉറപ്പിക്കുന്ന തെളിവാണ് വിശാലാര്‍ഥത്തില്‍ ഈ കത്ത്. എന്തൊക്കെ ഡീലുകളും ഉപജാപങ്ങളുമുണ്ടെങ്കിലും വര്‍ഗീയ രാഷ്ട്രീയത്തെ താലത്തില്‍ എഴുന്നള്ളിക്കാനുള്ള ശ്രമം പാലക്കാട്ടെ പ്രബുദ്ധരായ മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ നിരാകരിക്കുക തന്നെ ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here