സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നത് : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പ്രധാനഭാഗം കേരളത്തിലെ തോട്ടങ്ങളിൽ നിന്നാണ്. എന്നാൽ തോട്ട വിളകളുടെ വില നിലവാരത്തിൽ ഉണ്ടായിരിക്കുന്ന തകർച്ച, ഉത്പാദന ക്ഷമതയിൽ ഉണ്ടായ ഇടിവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ തോട്ടം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതിനാൽ നിലവിൽ തോട്ടം മേഖല പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് നിലവിൽ 1951-ലെ പ്ലാന്റേഷൻ ലേബർ ആക്ട് വകുപ്പ് 3 (ബി) പ്രകാരം
രജിസ്റ്റർ ചെയ്യപ്പെട്ട അറുന്നൂറ്റി നാൽപത്തി മൂന്ന് (643) തോട്ടങ്ങൾ പ്രവർത്തിച്ചു വരുന്നതും ടി തോട്ടങ്ങളിലായി ഏകദേശം അമ്പത്തി രണ്ടായിരം (52,000) തൊഴിലാളികൾ ജോലി നോക്കി വരുന്നതുമാണ്.

also read:താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പ്രകാരം മൂവായിരത്തി എഴുന്നൂറ്റി ഏഴ് (3,707) ചെറുകിട തോട്ടങ്ങളും മേൽ തോട്ടങ്ങളിലായി പതിനെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന് (18,223) തൊഴിലാളികളും ഉണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ പാസാക്കിയിട്ടുള്ള എല്ലാ തൊഴിൽ നിയമങ്ങളുടെയും നിർവ്വഹണ ചുമതല തൊഴിൽ വകുപ്പിൽ അധിഷ്ഠിതമായതിനാൽ സംസ്ഥാനത്തെ തോട്ടം മേഖലയുടെ പുരോഗതിയ്ക്കും തോട്ടം തൊഴിലാളികളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള തൊഴിൽ നിയമങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ് വകുപ്പ് മുഖേന നിർവ്വഹിച്ചു വരുന്നുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്‌കരിക്കുന്ന വിഷയം ത്രികക്ഷി സമിതിയായ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്ത് പൊതുവായ ഒരു ധാരണയിൽ എത്തിച്ചേരുന്നതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും തുടർന്ന് 1948-ലെ മിനിമം വേതന നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ മിനിമം വേതനം നിശ്ചയിക്കുകയും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

തോട്ടം തൊഴിലാളികളുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 2023 ജൂൺ 2 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തോട്ടം തൊഴിലാളികളുടെ അടിസ്ഥാന വേതനത്തിൽ 41/- രൂപയുടെ വർദ്ധനവ് വരുത്തി നിലവിൽ തീരുമാനമായിട്ടുണ്ട്. വേതന വർദ്ധനവിന് 2023 ജനുവരി 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണെന്നും 2021-ലെ നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള മറ്റെല്ലാ വ്യവസ്ഥകളും അതേപടി തുടരുന്നതാണെന്നും യോഗ തീരുമാനമായിട്ടുള്ളതുമാണ്. തോട്ടം മേഖലയിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ പലതും കാലപ്പഴക്കം മൂലം നിലവിൽ ശോചനീയാവസ്ഥയിലാണ്. പ്ലാന്റേഷൻ ലേബർ ആക്ട് പ്രകാരം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് മാനേജ്മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വം ആണെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക എസ്റ്റേറ്റ് മാനേജ്മെന്റുകളും ലയങ്ങൾ നവീകരിക്കുന്നതിൽ വിമുഖത കാണിക്കുകയാണ് ചെയ്യുന്നത്.

also read:നിപ സംശയം; പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ

തോട്ടം മേഖലയിലെ ഭവനരഹിതരായ എല്ലാ തൊഴിലാളികൾക്കും വീട് നിർമ്മിച്ചു നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ 2017-ൽ തൊഴിൽ വകുപ്പ് നടത്തിയ പ്രാഥമിക സർവ്വേയിൽ കണ്ടെത്തിയ മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി അമ്പത്തി രണ്ട് (32,452) ഗുണഭോക്താക്കളുടെ ലിസ്റ്റ് ഭവനം ഫൗണ്ടേഷന് സമർപ്പിച്ചിരുന്നു. പ്രസ്തുത ലിസ്റ്റിന്മേൽ ലൈഫ് മാനദണ്ഡ പ്രകാരം വീട് ലഭ്യമാക്കുന്നതിനുള്ള അർഹത പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് തദ്ദേക സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളതും
ലിസ്റ്റ് പരിശോധിക്കുന്നതിനായി യൂസർ ഐ.ഡി.യും പാസ്വേർഡും ലൈഫ് മിഷന് നൽകിയിട്ടുള്ളതുമാണ്. കേരളത്തിലെ തോട്ടം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും തോട്ടങ്ങൾക്ക് ഉള്ളിലോ അവയ്ക്കു സമീപത്തോ സുരക്ഷിതമായ പാർപ്പിടം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഭവനം പദ്ധതിയിലൂടെ മൂന്നാറിലെ കെ.ഡി.എച്ച് വില്ലേജിൽ ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കായി ഒമ്പത് വീടുകളുടെ നിർമ്മാണം പൂർത്തിയാവുകയും ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

കുളത്തൂപ്പുഴയിലെ തിങ്കൾക്കരിക്കം വില്ലേജിൽ ആർ.പി.എൽ-ന്റെ കൈവശമുള്ള 5 ഏക്കർ സ്ഥലത്ത് ഭവനം പ്രോജക്ട്-ഓൺ യുവർ ഓൺ ഹൗസിംഗ് സ്‌കീം നടപ്പിലാക്കാൻ തീരുമാനിക്കുകയും 40 ഭവനങ്ങളുടെ നിർമ്മാണം കോസ്റ്റ് ഫോർഡിനെ ഏൽപ്പിക്കുകയും ചെയ്തു.
ഇരട്ട ഭവന മാതൃകയിൽ 6 ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും വീടുകളോട് ചേർന്നുള്ള ഭൂമി തയ്യാറാക്കൽ ജോലികളും പൂർത്തീകരിച്ച് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന് (ആർ.പി.എൽ) കൈമാറിയിട്ടുണ്ട്. സ്വന്തം വീട് പദ്ധതിയിലൂടെ ഭൂരഹിതരും ഭവനരഹിതരുമായ തോട്ടം തൊഴിലാളികൾക്ക് ഏകദേശം നാന്നൂറ് ചതുരശ്ര അടിയുള്ള സ്വതന്ത്ര ഭവനങ്ങൾ നിർമ്മിക്കുന്നതിനായി തൊഴിൽ വകുപ്പ് മുഖേന നടപടികൾ സ്വീകരിച്ചു വരുന്നു.തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങൾ ഭൂരിഭാഗവും വാസ യോഗ്യമല്ലാത്ത തരത്തിൽ പരിതാപകരമായ അവസ്ഥയിൽ ആയതിനാൽ ലയങ്ങൾ പുനരുദ്ധാരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ നിലവിൽ തൊഴിൽ വകുപ്പ് മുഖേന സ്വീകരിച്ചു വരുന്നുണ്ട്.

also read:ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തെരഞ്ഞെടുത്തത് ജ്യോതിഷിയുടെ നിർദേശപ്രകാരം, കൈപ്പറ്റിയത് 15 ലക്ഷം: വെളിപ്പെടുത്തലുമായി ഉന്നത ഉദ്യോഗസ്ഥൻ

2023-24-ലെ ബഡ്ജറ്റ് പ്രസംഗത്തിലെ ഇനം നമ്പർ നാന്നൂറിൽ തോട്ടം തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ (ലയങ്ങൾ) മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നു എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ ടി തുക ബഡ്ജറ്റ് ശീർഷകത്തിൽ വകയിരുത്തിയിട്ടില്ലാത്തതിനാൽ 2023-24 സാമ്പത്തിക വർഷം 2230-01-103-62-10 (നോൺ പ്ലാൻ) എന്ന ശീർഷകത്തിൽ ടി 10 കോടി രൂപ വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സമർപ്പിച്ചിട്ടുള്ള എസ്.ഡി.ജി. പ്രൊപ്പോസൽ നിലവിൽ സമർപ്പണത്തിലാണ്.

ലയങ്ങളുടെ പുനരുദ്ധാരണത്തിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ടി 10 കോടി രൂപ വിനിയോഗിച്ചുകൊണ്ട് പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖേന ലയങ്ങളുടെ പുനുരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന തിനായി ഗവൺമെന്റ് അക്രഡിറ്റഡ് ഏൻസികൾ മുഖാന്തിരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ നിലവിൽ സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റിയുടെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയായ രണ്ട് കോടി എഴുപത്തിയൊന്ന് ലക്ഷത്തി എൺപത്തിയാറായിരത്തി എഴുന്നൂറ്റി എൺപത്തിയൊന്ന് (2,71,86,781) രൂപ വിനിയോഗിച്ച് ജില്ലയിലെ പൂട്ടിക്കിടക്കുന്ന ഏക തോട്ടമായ ബോണക്കാട് എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലുമായുള്ള 34 ലയങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട ജോലികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി 2023 ജൂലൈ 27 ന് തൊഴിൽ വകുപ്പ് മന്ത്രിയും, ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രിയും സംയുക്തമായി ചേർന്ന് ലയങ്ങൾ സന്ദർശിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട അരുവിക്കര എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ യോഗം വിളിച്ചു ചേർക്കുകയും ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ അറ്റകുറ്റപ്പണികൾ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുന്നതാണെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

also read:‘ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല’-മുഖ്യമന്ത്രി

ടി വിഷയത്തിന്റെ തുടർനടപടിയുടെ ഭാഗമായി പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലും അരുവിക്കര എം.എൽ.എയുടെ സാന്നിദ്ധ്യത്തിലും 2023 ആഗസ്റ്റ് 4 ന് യോഗം കൂടുകയും പ്രസ്തുത യോഗത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ 2023 ആഗസ്റ്റ് 10 ന് ബന്ധപ്പെട്ട വകുപ്പ് മുഖേന എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും പരിശോധിച്ചുകൊണ്ട് ആവശ്യമായി വരുന്ന അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മികച്ച രീതിയിലുള്ള ഒരു എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജില്ലാ നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തേണ്ടതാണെന്നും തീരുമാനിക്കുകയുണ്ടായി. കൂടാതെ ഇടുക്കി ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖേന നടത്തുന്നതിലേയ്ക്കായി ഗവൺമെന്റ് ഏജൻസികൾ മുഖാന്തിരം എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജില്ലാ ഭരണകൂടത്തിന് വകുപ്പ് മുഖേന നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ട്രാവൻകൂർ റബ്ബർ ആന്റ് ടീ കമ്പനിയിലെ തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യുന്നതിനായി 2023 ജൂൺ 22 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഇടുക്കി ജില്ലയിലെ മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ വച്ച് കൂടുവാൻ നിശ്ചയിച്ചിരുന്ന യോഗത്തിന് മുന്നോടിയായി കമ്പനിയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ടുകണ്ടു വിലയിരുത്തുന്നതിനായി ഞാൻ കമ്പനിയിലെ ലയങ്ങൾ സന്ദർശിക്കുകയുണ്ടായി. തുടർന്ന് നടന്ന യോഗത്തിൽ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, പി.എഫ് കുടിശ്ശിക എന്നിവ വിതരണം ചെയ്യുന്നത് സംബന്ധിച്ചും തൊഴിലാളികളുടെ ബാങ്ക് ലോൺ അടവ് സംബന്ധിച്ചും ധാരണയിലെത്തിച്ചേരുകയുണ്ടായി.
സംസ്ഥാനത്ത് നിലവിൽ പൂട്ടികിടക്കുന്ന 12 തോട്ടങ്ങളിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പീരുമേട് ടീ കമ്പനി വക 2 എസ്റ്റേറ്റിലും, എം.എം.ജെ. പ്ലാന്റേഷൻസ് വക 2 എസ്റ്റേറ്റിലും, തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് എസ്റ്റേറ്റിലുമാണ് ലയങ്ങൾ ഉളളത്.

also read:സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി സമ്മാനിക്കും

ഇടുക്കി ജില്ലയിൽ എം.എം.ജെ. പ്ലാന്റേഷൻസിന്റെ രണ്ട് എസ്റ്റേറ്റുകളിലെ ഏഴ് ഡിവിഷനുകളിലായി നൂറ്റി അമ്പത് കുടുംബങ്ങളും പീരുമേട് ടീ കമ്പനിയുടെ മൂന്ന് ഡിവിഷനുകളിലായി നൂറ്റി അറുപത് കുടുംബങ്ങളും ആണ് താമസിച്ചു വരുന്നത്. സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവികളുടെ ആക്രമണം ഏറിയ നിരക്കിലായതിനാൽ 2021 ജനുവരി 22 ലെ സ.ഉ.(കൈ.) 06/2021/തൊഴിൽ നമ്പർ ഉത്തരവ് പ്രകാരം അംഗീകരിച്ച തോട്ടം നയത്തിൽ, വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്
വനം വന്യജീവി വകുപ്പുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ളതാണ്.
ട്രാവൻകൂർ റബ്ബർ ആന്റ് ടീ കമ്പനി, എച്ച്.എം.എൽ ഉൾപ്പെടെയുള്ള പ്ലാന്റേഷനുകളിലെ തൊഴിലാളി യൂണിയനുകളിൽ നിന്നും ബോണസ് ഡിമാന്റ് നോട്ടീസുകൾ ലഭിക്കുന്ന മുറയ്ക്ക് തൊഴിൽ വകുപ്പ് മുഖേന നടപടി സ്വീകരിച്ചു വരുന്നു.

വകുപ്പ് തലത്തിൽ നടത്തുന്ന ചർച്ചകൾ പരാജയപ്പെടുന്ന പക്ഷം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് സെക്ഷൻ 12 (4) പ്രകാരം അഡ് ജ്യുഡി ക്കേഷനായി റഫർ ചെയ്യുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പൂട്ടി കിടക്കുന്നതും, ഉടമ ഉപേക്ഷിച്ചതുമായ ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിലെ എസ്റ്റേറ്റുകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാറ്റുവിറ്റി അപേക്ഷകൾ സ്വീകരിച്ച് ബന്ധപ്പെട്ട അതോറിറ്റികൾ മുമ്പാകെ സമർപ്പിച്ചിട്ടുളളതാണ്. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക ആനുകൂല്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുവാൻ ബഹുമാനപ്പെട്ട സുപ്രീം കോടതി മുഖേന കമ്മീഷനെ നിയോഗിച്ചിട്ടുള്ളതും ബഹുമാനപ്പെട്ട കമ്മീഷൻ പതിന്നാലോളം സിറ്റിംഗുകൾ നടത്തി പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് തൊഴിലാളികൾക്ക് ലഭിക്കേണ്ടതായ ഗ്രാറ്റുവിറ്റി, വേതന കുടിശ്ശിക തുടങ്ങി എല്ലാ ആനുകൂല്യങ്ങളും തിട്ടപ്പെടുത്തിയിട്ടുള്ളതുമാണ്. 2018 ജൂൺ 20 ലെ G.O (Ms) No. 42/2018/LBR പ്രകാരം, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ വേതന കുടിശ്ശിക വിതരണം ചെയ്യുന്നതിനായി ഇടുക്കി ജില്ലയ്ക്കായി ഒരു കോടി അമ്പത്തി നാല് ലക്ഷം രൂപയും, തിരുവനന്തപുരം ജില്ലയ്ക്കായി ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതുമാണ്. പ്രസ്തുത വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതി 2023 ആഗസ്റ്റ് 21 ന് പരിഗണിക്കുവാൻ തീരുമാനിച്ചിട്ടുള്ളതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News