സ്‌പേസ് മെഡിസിനില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി

സ്‌പേസ് മെഡിസിനില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇയിലെ പ്രമുഖ ആരോഗ്യ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്‌സാണ് ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയില്‍ മനുഷ്യ ശരീരത്തിന്റെ പ്രതികരണം പഠിക്കാനുള്ള ആരോഗ്യ ഗവേഷണ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ മുന്‍നിര സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ആക്‌സിയം സ്‌പേസുമായിട്ടാണ് കരാറില്‍ ഒപ്പുവച്ചത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ പ്രഖ്യാപിച്ച പദ്ധതി ബഹിരാകാശത്തെ ഗവേഷണ സഹായത്തോടെ വൈദ്യശാസ്ത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രധാന ദൗത്യമായി മാറും.

അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായ ആക്‌സിയം സ്‌പേസ് നാസയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങള്‍ നടത്തുന്നതോടൊപ്പം ലോകത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള സജ്ജീകരണങ്ങളില്‍ കൂടിയാണ് ആക്‌സിയം. ബുര്‍ജീലുമായുള്ള ആരോഗ്യ ഗവേഷണ പങ്കാളിത്തം ഈ പദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മനുഷ്യ സാന്നിധ്യം വിപുലപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ആക്‌സിയം, ബഹിരാകാശത്ത് ഗവേഷണം, നിര്‍മ്മാണം എന്നിവയ്ക്കായി ഒരു ഹബ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ:മുണ്ടക്കൈ ഉരുൾപൊട്ടൽ ; സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് അന്തിമ റിപ്പോർട്ട് നൽകും

ഭാവിയിലേക്കുള്ള നൂതന ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ ലക്ഷ്യം

ആക്‌സിയവുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ ആരോഗ്യ മേഖലയില്‍ നവീന മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ബുര്‍ജീല്‍. മൈക്രോഗ്രാവിറ്റിയില്‍ മനുഷ്യശരീരത്തിന്റെ പ്രതികരണം മനസിലാക്കാനായി ലോകമെമ്പാടുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന മികച്ച മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്തേക്ക് അയക്കും. ഈ ഗവേഷണത്തിലൂടെ മൈക്രോഗ്രാവിറ്റി എങ്ങിനെ ബയോ മാര്‍ക്കറുകള്‍, മരുന്നിന്റെ ഗുണനിലവാരം, വിദൂര ആരോഗ്യ സേവനങ്ങള്‍ എന്നിവയെ ബാധിക്കുന്നു എന്നാണ് മനസിലാക്കുക. ആക്‌സിയം സ്‌പേസിലെ ബഹിരാകാശയാത്രികര്‍ പഠനത്തിന്റെ ഭാഗമായി പരിശീലന, വിക്ഷേപണ കാലങ്ങളില്‍ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ആക്‌സിയത്തിന്റെ അടുത്ത വിക്ഷേപണ ദൗത്യം ആക്‌സിയം മിഷന്‍ 4 (Ax-4) വരുന്ന സ്പ്രിങ് സീസണില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

ആക്‌സിയം സ്‌പേസുമായുള്ള പങ്കാളിത്തത്തിലൂടെ, മൈക്രോഗ്രാവിറ്റിയിലെ ആരോഗ്യ നവീകരണത്തില്‍ മുന്നോട്ട് പോകുന്നതോടൊപ്പം ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ കൂടി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഇത് വരും തലമുറകള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷം നല്‍കും.

ബുര്‍ജീലുമായുള്ള പുതിയ ഗവേഷണം മനുഷ്യരാശിയുടെ പ്രയോജനത്തിനായി ബഹിരാകാശ ഗവേഷണത്തിലേക്ക് വഴിതെളിക്കുമെന്ന് ആക്‌സിയം സ്‌പേസ് ചീഫ് സയന്റിസ്റ്റ് ഡോ. ലൂസി ലോ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത്, ടൈംസ് സ്‌കയര്‍ എന്നിവിടങ്ങളിലായി നടന്ന ചടങ്ങില്‍ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ചുവടുകള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

ALSO READ:മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News