തിരുവനന്തപുരം വർക്കല താഴെവെട്ടൂരിൽ ലഹരി സംഘത്തിനെതിരെ പരാതി നൽകിയ സിപിഐഎം വർക്കല വെട്ടൂർ പെരുമം ബ്രാഞ്ച് അംഗത്തെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ (60) ആണ് മരിച്ചത്. വർക്കല തീരദേശ മേഖലയിൽ മദ്യത്തിൻ്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം വർധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞ ദിവസം ഷാജഹാൻ്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മർദ്ദിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ആറംഗ സംഘമെത്തി ഷാജഹാനെ ആക്രമിച്ചത്.
സംഭവത്തിൽ വെട്ടൂർ ആശാ മുക്ക് സ്വദേശിയായ ജാസിം, താഴെ വെട്ടൂർ സ്വദേശികളായ ഹായിസ് , നൂഹു , സെയ്ദലി, ആഷിർ എന്നിവരെ പ്രതികളാക്കി വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയായ ആഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു പ്രതികൾക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.
സംഭവത്തിൽ ലഹരി മാഫിയ സംഘത്തിൻ്റെ രാഷ്ട്രീയ ബന്ധം കൂടി പൊലീസ് അന്വേഷിക്കണമെന്നും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വെളിച്ചത്തു കൊണ്ടുവരണമെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here