മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിചിത്ര ന്യായവുമായി ഒരമ്മ, മകനെ തല്ലിയത് കുടുംബം നോക്കാത്ത ഭര്‍ത്താവിനെ വീട്ടിലെത്തിക്കാന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്

ദമ്പതികള്‍ക്കിടയിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് 11 കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ. അമ്മ മകനെ തല്ലുന്നത് വീഡിയോയില്‍ പകര്‍ത്തി മൂത്ത മകന്‍. മദ്യപാനിയായ ഭര്‍ത്താവിനെ വരുതിയിലാക്കാനായി ഭാര്യ അണിയിച്ചൊരുക്കിയ നാടകം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ കുടുംബത്തിനെതിരെ പൊലീസ് അന്വേഷണവും കേസും. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുടുംബം നോക്കാത്ത ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനായി വീട്ടമ്മ ഒരുക്കിയ നാടകത്തില്‍ വലയിലായത് അവസാനം വീട്ടമ്മ തന്നെ. ഹരിദ്വാര്‍ സ്വദേശിയായ യുവതി തന്റെ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. 11 വയസ്സുള്ള മകനെ നിലത്ത് കിടത്തി അവന്റെ ശരീരത്ത് കയറിയിരുന്നടക്കം അമ്മ മര്‍ദ്ദിക്കുന്ന ക്രൂരമായൊരു വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മര്‍ദ്ദനത്തിനിടെ അമ്മ മകനെ കടിച്ചു പരുക്കേല്‍പ്പിക്കുന്നതായും വേദനകൊണ്ട് കുട്ടി ഉറക്കെ നിലവിളിക്കുന്നതായുമൊക്കെ വീഡിയോയിലുണ്ട്. യുവതിയുടെ മൂത്ത മകന്‍ ഷൂട്ട് ചെയ്ത വീഡിയോ ഉത്തര്‍പ്രദേശില്‍ കട നടത്തുകയായിരുന്ന അച്ഛനെ ഭീഷണിപ്പെടുത്താനായാണ് ചിത്രീകരിച്ചതെങ്കിലും വീഡിയോ മകനില്‍ നിന്നും ലഭിച്ച അച്ഛന്‍ സംഗതി ഗൗരവമുള്ളതാണെന്ന് കരുതി അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയത്.

ALSO READ: തിരുവനന്തപുരത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

സംഭവം വൈറലായതോടെ വിഷയത്തില്‍ ഹരിദ്വാര്‍ പൊലീസ് ഇടപെട്ടു. യുവതിയെ അന്വേഷിച്ച് കണ്ടെത്തിയ പൊലീസ് അവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് മാസത്തോളം പഴക്കമുള്ള വീഡിയോ ആണിതെന്നും വീഡിയോയ്ക്ക് പുറകിലെ കാരണങ്ങളും യുവതി പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത്. തന്റെ ഭര്‍ത്താവ് മദ്യത്തിന് അടിമയാണെന്നും വീട്ടുചെലവിലേക്കായി അയാള്‍ പണമൊന്നും നല്‍കാറില്ലെന്നും യുവതി പറഞ്ഞു. മദ്യപാനത്തെച്ചൊല്ലി കഴിഞ്ഞ 10 വര്‍ഷമായി ഭര്‍ത്താവുമായി സ്ഥിരം വീട്ടില്‍ വഴക്കു നടക്കുമായിരുന്നെന്നും യുവതി പൊലീസിനു മൊഴി നല്‍കി. മകനെ മര്‍ദ്ദിക്കുന്നതു കണ്ട് ഭയപ്പെട്ട് ഭര്‍ത്താവ് തങ്ങള്‍ക്കടുത്തേക്ക് വരുമെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. പക്ഷേ, നടന്നത് ഇങ്ങനെയാണ്. ഇതിനിടെ, വൈറല്‍ വീഡിയോ കണ്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഒട്ടേറെത്തവണ യുവതി കൗണ്‍സലിങിനു വിധേയയായി. യുവതിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ പൊലീസ് സംഭവത്തില്‍ അന്വേഷം നടത്തി.

ALSO READ: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഏതാനും മാസങ്ങളായി യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നുവെന്നും ഉത്തര്‍പ്രദേശില്‍ അയാള്‍ ഒരു കട നടത്തുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. എന്നാല്‍, യുവതി മക്കളോട് നല്ലരീതിയില്‍ പെരുമാറുന്നയാളാണെന്നാണ് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയത്. യുവതിക്കെതിരെ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, യുവതി ഭര്‍ത്താവിനെതിരേ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തി വരുകയാണെന്നും ഇയാളോട്് ഉടനെ നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News