പേര് മാറ്റൽ മഹാമാരി രാജ്യത്ത് പടർന്നു പിടിച്ചിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. രാജ്യത്തെ പല പ്രധാന കേന്ദ്രങ്ങളുടെയും പേര് മാറ്റുകയാണ്. ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇതിലൂടെ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്നും എഎൻ ഷംസീർ.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോ. എൻഎം മുഹമ്മദലി എൻ്റോവ്മെൻ്റ് കർഷക സമര രക്തസാക്ഷികൾക്ക് സമർപ്പിച്ച് സംസാരിക്കുമ്പോളായിരുന്നു പേര് മാറ്റൽ പ്രവണതയെക്കുറിച്ചുള്ള സ്പീക്കറുടെ പരാമർശം. ഭരണഘടനയെ പോലും മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യയെ മത രാഷ്ട്രമാക്കാനും അന്ധവിശ്വാസം പ്രചരിപ്പിക്കാനും ചിലർ ശ്രമിക്കുന്നു. ഇന്ത്യൻ പാർലമെൻ്റിന് ചർച്ചകൾ ഇപ്പോൾ അന്യമാണ്. ഭൂരിപക്ഷത്തിൻ്റെ മേധാവിത്വമാണ് ഇന്ത്യയിലുള്ളതെന്നും എഎൻ ഷംസീർ പറഞ്ഞു.
കർഷക സമര രക്തസാക്ഷി റുൾഡു സിംഗിന്റെ പത്നി മുകേഷ് റാണിക്ക് സ്പീക്കർ എൻഡോവ്മെന്റ് കൈമാറി. നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡണ്ട് ഡോ. എംഎ നാസർ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻ സഭ ദേശീയ വൈസ് പ്രസിഡണ്ട് ഇപി ജയരാജൻ സന്ദേശം നൽകി. വിവി സുധാകരൻ, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്ആർ മോഹന ചന്ദ്രൻ, മുരളി പെരുനെല്ലി, പികെ ചന്ദ്രശേഖരൻ, ജനറൽ കൺവീനർ യു സലിൽ, സിപിഎം ഏരിയാ സെകട്ടറി കെആർ ജൈത്രൻ, മുകേഷ് റാണി എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here