ആഴ്ചയിൽ 30 മിനിട്ടിലധികം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്

ഇന്ന് ലോകത്ത് പ്രായഭേദമന്യേ എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. പത്ത് വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ് എന്നാണ് കണക്കുകൾ പറയുന്നത്. എന്നാല്‍ കൂടുതൽ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത ഉയർത്തുമെന്നാണ് ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നത്. യൂറോപ്യൻ ഹാർട്ട് ജേണൽ ആയ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫോൺ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ 2,12,046 മുതിർന്നവരെ ഈ പഠനത്തിന്‍റെ ഭാഗമാക്കി. ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവരിൽ നടത്തിയ 12 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. അപകട സാധ്യത സ്ത്രീകൾക്കും കുട്ടികൾക്കും സമാനമാണന്നും പഠനത്തിൽ പറയുന്നു.

രക്തസമ്മർദ്ദം ഉയരുന്നതിനെ നിസാരപ്രശ്നമായി കണ്ട് തള്ളിക്കളയാനാകില്ല. കാരണം ഉയർന്ന രക്തസമർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയർത്തുന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൂടുതൽ സമയം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News