എപി സജിഷ,
മരണം പുതച്ചുകിടക്കുകയാണ് ഈ മണ്ണ്. ഒറ്റ രാത്രിയിൽ ഒഴുകിയെത്തിയ മലവെള്ളം എല്ലാം വിഴുങ്ങി. ചിലർ മണ്ണിലേക്ക് ആണ്ടുപോയി. മറ്റുചിലർ പുഴയിൽ മരവിച്ചുകിടന്നു. ചിലർ ചിന്നിച്ചിതറിയ കഷ്‌ണങ്ങളായി. ഒരേ മണ്ണിലേക്ക്, ഒരുമിച്ച്, ഒരേ ദിവസം അവർ പോയി. ജീവൻ ബാക്കിയായവർക്ക് മുന്നിലുള്ളത് മരവിപ്പ് മാത്രം. ഉറ്റവർ നഷ്ടമായ വേദന. സ്വപ്‌നം കണ്ടുറങ്ങിയ വീടും നട്ടുവളർത്തിയ മരങ്ങളുമില്ല. ഉരുൾ നൽകിയത് ഉള്ളുലയ്ക്കുന്ന സങ്കടം മാത്രം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ ഗ്രാമങ്ങളാണ് മുണ്ടക്കൈയും ചൂരൽമലയും. കേരളം ഇന്നോളം കണ്ട ഏറ്റവും കൊടിയ ദുരന്തം. എങ്ങും വിലാപങ്ങളാണ്. തിരിച്ചറിയാത്ത എത്രയോ മൃതദേഹങ്ങൾ. മലവെള്ളം കൊണ്ടുപോയ പല മൃതദേഹങ്ങളും കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. ചിലത് ആരെന്ന് പോലും തിരിച്ചറിയുന്നില്ല. മനുഷ്യരും മൃഗങ്ങളും ഒന്നായി മരണത്തിലേക്ക് ഒഴുകി. ജീവൻ ബാക്കിയായവർ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
ALSO READ:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി
ഇന്നോളം കണ്ടിട്ടില്ലാത്ത നോവുന്ന കാഴ്ച…
ചെറിയ പുഴകളാണ് വയനാട്ടിലുള്ളത്. എങ്ങും മലനിരകൾ . നനുത്ത മണ്ണ്. ചിലയിടങ്ങളിൽ മുമ്പും ഉരുൾപൊട്ടൽ ജീവനെടുത്തിട്ടുണ്ട്. പക്ഷേ, നാന്നൂറോളം പേരുടെ ജീവനെടുത്തുകഴിഞ്ഞു ഈ കൊടിയ ദുരന്തം. ചിതറിയ കഷണങ്ങളായി ഇപ്പോഴും ശരീരഭാഗങ്ങൾ കിട്ടുന്നു. തിരിച്ചറിയാത്തവ ഹാരിസണ്സ് മലയാളം ലിമിറ്റഡ് നൽകിയ 64 സെൻ്റ് ഭൂമിയിലാണ് അടക്കുന്നത്. വെള്ള പുതച്ച ശരീരങ്ങൾ ആരെന്നുപോലും അറിയില്ല. ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകൾ ഇല്ലാതെ സർവമത പ്രാർത്ഥനകൾ ഏറ്റുവാങ്ങിയാണ് മണ്ണിലേക്ക് പോകുന്നത്.
ഉറ്റവർ പിന്നീട് തിരഞ്ഞുവന്നാൽ തിരിച്ചറിയാനായി ഓരോ കുഴിമാടത്തിലും ഡിഎൻഎ സാമ്പിളുകൾ അടയാളമായി വെച്ചിട്ടുണ്ട്. മൃതദേഹങ്ങൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുന്നു. വയനാട് ഇന്നോളം കണ്ടിട്ടില്ലാത്ത നോവുന്ന കാഴ്ച. കർപ്പൂരക്കാട് മലയിലാണ് ഉരുൾപൊട്ടിയത്. ആദ്യം പുഞ്ചിരിമട്ടത്തെ പാടെ തകർത്തു. ഇവിടെ നിന്ന് മലവെള്ളം ഒലിച്ചിറങ്ങി വെള്ളാർമല സ്കൂൾ വിഴുങ്ങി. സ്കൂളിനോട് ചേർന്ന പുന്നപ്പുഴ ഗതിമാറി ഒഴുകി ചൂരൽമലയുടെ ഒരു ഭാഗം കൊണ്ടുപോയി. മുണ്ടക്കൈ ഗ്രാമം ഒലിച്ചു പോയി.
ഉരുള്‍വിഴുങ്ങിയത് മഞ്ഞുമൂടിയ കുന്നുകളും തേയിലത്തോട്ടങ്ങളും…
മരണം മണക്കുന്ന ഈ താഴ്വര ഒരു കാലത്ത് സഞ്ചാരികളുടെ പറുദീസയായിരുന്നു. മനം കവർന്ന് മഞ്ഞുമൂടിയ കുന്നുകളും തേയിലത്തോട്ടങ്ങളും. ഒറ്റ രാത്രികൊണ്ട് എല്ലാം തകർന്നു. ഇന്നിത് മരണം മണക്കുന്ന താഴ്വരയാണ്. പാറക്കല്ലും വേരറ്റ മരങ്ങളും മൃതദേഹങ്ങളും മാത്രം. ചുറ്റും മനുഷ്യന്റെ നിലവിളികൾ. ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. സഞ്ചാരികളുടെ പറുദീസയിൽ മരണത്തിന്റെ മരവിപ്പ്.
ഉരുൾപൊട്ടലിന് മുമ്പ് കാഴ്ചകൾ വിരുന്നൊരുക്കിയ അതിസുന്ദരമായ പ്രദേശമായിരുന്നു മുണ്ടക്കൈയും ചൂരൽമലയുമെല്ലാം. എവിടെ തിരഞ്ഞാലും തേയിലക്കൂട്ടങ്ങൾ. ദൂരെ മലനിരകൾ. കോടമഞ്ഞിന്റെ വിരുന്ന്. ഈ ഭംഗി കാണാനായി എവിടെ നിന്നൊക്കെയോ സഞ്ചാരികളെത്തും. ഈ കാഴ്ചയും കണ്ട് വയനാടിന്റെ തണുപ്പും നുകർന്ന് താമസം. ഇക്കോ ടൂറിസം വളർന്നതോടെ റിസോർട്ടുകളും ഹോംസ്റ്റേകളുമൊക്കെയുണ്ടായി ചൂരൽമലയിലും മുണ്ടക്കൈയിലും. അത് മാത്രമല്ല. നിരവധി ടൂറിസ്റ്റുകേന്ദ്രങ്ങളിലേക്കുള്ള മിഡിൽ സെന്റർ ആണ് ഈ പ്രദേശങ്ങൾ.
സീതമ്മക്കുണ്ടും ഇനി ഓര്‍മ…
മുണ്ടക്കൈയിലാണ് സീതമ്മക്കുണ്ട് വെള്ളച്ചാട്ടം. ഉരുൾപൊട്ടലിൽ സീതമ്മക്കുണ്ടും അപ്രത്യക്ഷമായി. ട്രക്കിങ് കൊതിക്കുന്നവർക്ക് ഏറെ പ്രിയമാണ് സൂചിപ്പാറയിലെയും മീൻമുട്ടിയിലെയും വെള്ളച്ചാട്ടങ്ങൾ. ഇത് കാണാനായി വര്‍ഷങ്ങളായി എത്രയോ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും അധികം ദൂരമില്ല ഈ വെള്ളച്ചാട്ടങ്ങൾക്കരികിലേക്ക്. കല്ലുംമുള്ളും ചവിട്ടി ഇടതൂർന്ന വനത്തിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടം കാണാം. എത്രയോ സഞ്ചാരികൾ സൂചിപ്പാറയിലേക്ക് ട്രക്കിങ് നടത്താറുണ്ട്. സൂചിപ്പാറയെ ഉരുൾപൊട്ടൽ ബാധിച്ചില്ലെങ്കിലും ഇതിന്റെ താഴ്വാരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കിട്ടി തുടങ്ങിയിട്ടുണ്ട്. മൃതദേഹം തിരഞ്ഞുപോയ രക്ഷാപ്രവർത്തകർ കുടുങ്ങിയത് കഴിഞ്ഞ ദിവസമാണ്. എയർ ലിഫ്റ്റിങ് വഴിയാണ് ഇവിടെ നിന്ന് മൃതദേഹം കൊണ്ടുവന്നത്.
തേയിലകൾക്ക് മുകളിലൂടെ സിപ് ലൈൻ യാത്രയായിരുന്നു ഈ പ്രദേശത്തെ മറ്റൊരു കൗതുകം. മൂന്നാറിനെ അനുസ്മരിക്കുന്ന സുന്ദരക്കാഴ്ചകൾ. ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം. അൽപം കൂടി സഞ്ചരിച്ചാൽ 900 കണ്ടിയിലെ കണ്ണാടിപ്പാലത്തിലൂടെ നടക്കാം. തമിഴ്‌നാട്ടിലേക്ക് ഈ പ്രദേശത്തുനിന്ന് അധികം ദൂരമില്ല. ഏകദേശം മൂന്നര മണിക്കൂർ സഞ്ചരിച്ചാൽ ഊട്ടിയിലെത്താം. മസിനഗുഡിയിലേക്കും എളുപ്പം. ആ വഴി തന്നെയാണ് കാർഷിക ഗ്രാമമായ ഗൂഡല്ലൂരും.
ചുറ്റും സുന്ദര കാഴ്ചകളാണ് ഈ പ്രദേശങ്ങൾക്ക്. ഒട്ടേറെ ചുരങ്ങൾ അതിരുപങ്കിടുന്നുണ്ട് വയനാട് ജില്ലയ്ക്ക്. മുണ്ടക്കൈയിൽ നിന്ന് ഏറ്റവും അടുത്തുള്ളത് നാടുകാണി ചുരമാണ്. ചുരത്തിലൂടെ ആനയും മാനുമെല്ലാം ഇറങ്ങുന്ന കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം. ചുരം കടന്നാൽ നിലമ്പൂരെത്തി. ഏറെ പ്രശസ്തമായ തേക്ക് മ്യൂസിയം നിലമ്പൂരിലാണ്. എല്ലായിടങ്ങളിലേക്കും എത്താനുള്ള മധ്യകേന്ദ്രമായി മുണ്ടക്കൈയും ചൂരൽമലയും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here