‘അവന്‍ നല്‍കിയ ആ ‘ഉമ്മ’ ഹൃദയത്തില്‍ തൊട്ടു’; ബൈക്കിടിച്ച് പരുക്കേറ്റ തെരുവ് നായയെ സുഖപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റ്

രതി വി.കെ

വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സ ലഭിക്കാതെ തെരുവില്‍ അലയുന്ന നായ്ക്കള്‍ മിക്ക സ്ഥലങ്ങളിലും സ്ഥിരം കാഴ്ചയാണ്. ഇവ പലപ്പോഴും മനുഷ്യരുടെ കാഴ്ചയില്‍ പോലും പെടാറില്ല. ചികിത്സ ലഭിക്കാതെ പരുക്കുമായി അലയുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി. അത്തരത്തില്‍ ബൈക്കിടിച്ച് പരുക്കേറ്റ ഒരു തെരുവ് നായയെ സുഖപ്പെടുത്തിയിരിക്കുകയാണ് ഒരു ഫിസിയോ തെറാപ്പിസ്റ്റ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും നിലവില്‍ മഞ്ചേരിയില്‍ ഫിസിയോ തെറാപ്പി സെന്റര്‍ നടത്തുകയും ചെയ്യുന്ന അന്‍പതുകാരന്‍ അബ്ദുള്‍ ജലീലാണ് ആ ഫിസിയോ തെറാപ്പിസ്റ്റ്. കഴിഞ്ഞ 26 വര്‍ഷമായി അബ്ദുള്‍ ജലീല്‍ ഫിസിയോ തെറാപ്പി രംഗത്തുണ്ട്.

വെള്ളിയാഴ്ച പാല് വാങ്ങാന്‍ തൊട്ടടുത്ത കടയില്‍ പോയപ്പോഴാണ് തെരുവുനായയെ കണ്ടതെന്ന് അബ്ദുള്‍ ജലീല്‍ കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു. കൊച്ചുമകള്‍ക്ക് അയച്ചു നല്‍കാന്‍ സാധാരണ മൃഗങ്ങളുടെ വീഡിയോ പകര്‍ത്താറുണ്ട്. അങ്ങനെ ഈ നായയുടെ വീഡിയോയും പകര്‍ത്തി. ഇതിനിടെ വീട്ടിലേക്ക് വരാന്‍ താന്‍ അവനെ വിളിച്ചു. യാതൊരു മടിയുമില്ലാതെ അവന്‍ തനിക്കൊപ്പം വീട്ടിലേക്ക് വന്നു. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നായ വീടിന് അകത്തേയ്ക്ക് കയറിയെന്നും അബ്ദുള്‍ ജലീല്‍ പറയുന്നു.

അവന് വിശക്കുന്നുവെന്ന് തോന്നിയതോടെ ചിപ്‌സ് നല്‍കി. എന്നാല്‍ അത് കഴിക്കാന്‍ നായ തയ്യാറായില്ല. ആദ്യം കണ്ടപ്പോള്‍ തന്നെ അവന്റെ മുടന്ത് താന്‍ ശ്രദ്ധിച്ചിരുന്നു. ബൈക്കിടിച്ച് പരുക്കേറ്റ കാര്യം കടക്കാരില്‍ ചിലര്‍ പറയുകയും ചെയ്തിരുന്നു. തന്റെ ജോലി ഫിസിയോ തെറാപ്പി ആയതുകൊണ്ടുതന്നെ അവന്റെ കാല്‍ ഒന്നു പരിശോധിക്കാമെന്ന് കരുതി. കടിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ അവന്റെ നോട്ടം കണ്ടപ്പോള്‍ ദയനീയമായി തോന്നിയെന്നും അബ്ദുള്‍ ജലീല്‍ പറഞ്ഞു.

വളരെ സാവകാശം അവന്റെ അരികില്‍ ഇരുന്നശേഷം മുടന്തിയ കാല്‍ പരിശോധിച്ചു. ജോയിന്റിന്റെ ഭാഗത്തുനിന്ന് ചെറിയ ശബ്ദം കേട്ടതോടെ പരുക്കേറ്റിട്ടുണ്ടെന്ന് മനസിലായി. ഇതോടെ ഫിസിയോ തെറാപ്പിയുടെ ഭാഗമായുള്ള ചികിത്സ നല്‍കാന്‍ തീരുമാനിച്ചു. പരുക്കേറ്റ ഭാഗം ചെറുതായി അനക്കിക്കൊടുത്തതോടെ അവന് കാല്‍ നിലത്ത് കുത്താമെന്നായി. നടക്കാന്‍ ആവശ്യപ്പെട്ടതോടെ അവന്‍ അനുസരണയോടെ അത് ചെയ്തു. ചികിത്സ ഫലം കണ്ടെന്ന് മനസിലായതോടെ താന്‍ അവനെ തലോടി. ഇതിനിടെ അവന്‍ പെട്ടെന്ന് തന്റെ നേരെ തിരിഞ്ഞു. കടിക്കാനാണെന്നാണ് കരുതിയത്. പക്ഷേ, തിരിഞ്ഞ് കഴുത്തുകൊണ്ടുവന്ന് കൈയില്‍വെച്ച് അവന്‍ തനിക്കൊരു ഉമ്മ നല്‍കി. അത് തന്റെ ഹൃദയത്തില്‍തൊട്ട അനുഭവമായിരുന്നു. ചികിത്സയ്ക്ക് ശേഷം പരുക്കേറ്റ കാല്‍ നിലത്ത് കുത്തി നായ എതിര്‍ കാല്‍കൊണ്ട് ശരീരം ചൊറിഞ്ഞു. ഇത് ചികിത്സ ഫലം കണ്ടതിന്റെ ലക്ഷണമാണെന്നും അബ്ദുള്‍ ജലീല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News